| Monday, 18th May 2020, 6:01 pm

പാക്കേജ് അപര്യാപ്തം; കേന്ദ്രം പാര്‍ലമെന്റിനെ ബോധപൂര്‍വം മാറ്റിനിര്‍ത്തുന്നെന്ന് പി ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പക്കേജിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. പ്രധാനമന്ത്രി പ്രഖ്യാപിച്ച മെഗാ പാക്കേജ് പല മേഖലകളെയും പരിഗണിച്ചിട്ടില്ലെന്നും അപര്യാപ്തമാണെന്നും ചിദംബരം ആരോപിച്ചു.

നിരാശമാത്രം നല്‍കിയതാണ് നിര്‍മ്മല സീതാരമന്റെ പ്രഖ്യപനമെന്ന് കുറ്റപ്പെടുത്തിയ ചിദംബരം പാക്കേജ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

‘ജി.ഡി.പിയുടെ 0.91 ശതമാനത്തെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള 1,86,650 കോടി രൂപയുടെ പാക്കേജാണിത്. സമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയും ജന ജീവിതം കൂടുതല്‍ ഗുരുതരമായിരിക്കുകയുമായിരിക്കുന്ന സഹചര്യത്തില്‍ പാക്കേജ് തീര്‍ത്തും അപര്യാപ്തമാണ്’, ചിദംബരം പറഞ്ഞു.

ജി.ഡി.പിയുടെ പത്ത് ശതമാനത്തിന് തുല്യമായ അധിക ചെലവിന്റെ പത്ത് ലക്ഷം കോടിയുടെ പരിഷ്‌കരിച്ച പാക്കേജ് പ്രഖ്യാപിക്കണമെന്നും ചിദംബരം പറഞ്ഞു.

കേന്ദ്രം പര്‍ലമെന്റിനെയും ചര്‍ച്ചകളെയും മറികടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘സര്‍ക്കാര്‍ ബോധപൂര്‍വ്വം പാര്‍ലമെന്റിനെ മാറ്റി നിര്‍ത്തുകയാണെന്നാണ് എനിക്ക് തോന്നുന്നത്. അവസരത്തെ മുതലെടുത്ത് പരിഷ്‌കരങ്ങള്‍ അടിച്ചേല്‍പിക്കാനാണ് നീക്കം. പാര്‍ലമെന്റിലെ ചര്‍ച്ചകളെ മറികടക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കുന്നു’, ചിദംബരം കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റിനെക്കുറിച്ച് പ്രിസൈഡിംഗ് ഉദ്യോഗസ്ഥരില്‍ നിന്ന് പ്രതികരണങ്ങളൊന്നുമുണ്ടാകുന്നില്ല. യോഗങ്ങള്‍ അനുവദിക്കരുതെന്ന ചില നിയമങ്ങള്‍ അവര്‍ ഉദ്ധരിക്കുന്നു. ഞങ്ങള്‍ക്ക് ഒരു വെര്‍ച്വല്‍ പ്രതിഷേധം നടത്താന്‍ കഴിയില്ല. എങ്കിലും ശബ്ദമുയര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ചിദംബരം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

DoolNews Video

We use cookies to give you the best possible experience. Learn more