ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; 14 ദിവസം തിഹാര്‍ ജയിലില്‍ കഴിയേണ്ടി വരും
INX Media case
ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; 14 ദിവസം തിഹാര്‍ ജയിലില്‍ കഴിയേണ്ടി വരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th September 2019, 5:59 pm

ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ പ്രത്യേക സി.ബി.ഐ കോടതിയുടെ ഉത്തരവ്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന സി.ബി.ഐയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ഇതോടെ സെപ്റ്റംബര്‍ 19 വരെ ചിദംബരത്തിന് ദല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിയേണ്ടി വരും.

ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതിനെ അഭിഭാഷകനായ കപില്‍ സിബല്‍ എതിര്‍ത്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റിന് ചിദംബരം തയ്യാറാണെന്നും കപില്‍ സിബല്‍ അറിയിച്ചു.

‘എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുകയാണെങ്കില്‍ കസ്റ്റഡിയില്‍ പോകാന്‍ തയ്യാറാണ്. പക്ഷെ എന്തുകൊണ്ടാണ് ജുഡീഷ്യല്‍ കസ്റ്റഡി ? എന്നെ കീഴടങ്ങാന്‍ അനുവദിക്കുകയും എന്‍ഫോഴ്‌സ്‌മെന്റിനെ കസ്റ്റഡിയിലെടുക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതില്‍ എനിക്ക് കുഴപ്പമില്ല’ ചിദംബരം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുകയായിരുന്നെങ്കില്‍ സെന്‍ട്രല്‍ ദല്‍ഹിയിലെ തുഗ്ല്ക്ക് റോഡ് പൊലീസ് സ്റ്റേഷനിലേക്കാണ് അദ്ദേഹത്തെ കൊണ്ടു പോകേണ്ടിയിരുന്നത്. എന്നാല്‍ ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊണ്ടു പോകണമെന്ന് സി.ബി.ഐ നിര്‍ബന്ധം പിടിക്കുകയായിരുന്നു.

ചിദംബരത്തിന്റെ ആരോഗ്യ നിലയും മുന്‍ ധനമന്ത്രി എന്ന പരിഗണനയും വെച്ച് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. പ്രത്യേക സുരക്ഷയും, മരുന്നുകളും നല്‍കണമെന്നും പ്രത്യേക സെല്ലും കിടക്കയും വെസ്റ്റേണ്‍ ടോയ്ലറ്റും അനുവദിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. കോടതി ഇതംഗീകരിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ പതിനഞ്ച് ദിവസമായി സി.ബി.ഐ കസ്റ്റഡിയിലായിരുന്ന ചിദംബരത്തെ അന്വേഷണ ഏജന്‍സിയുടെ ഓഫീസിലെ താഴെ നിലയിലുള്ള മുറിയിലാണ് താമസിപ്പിച്ചിരുന്നത്.