മഞ്ഞുമ്മല്‍ ബോയ്‌സിന് വേണ്ടി ഗുണാ സിനിമയിലെ ‘കണ്‍മണി അന്‍പോട്’ എന്ന പാട്ടിന്റെ റൈറ്റ്‌സ് വാങ്ങിയിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ ചിദംബരം. മഞ്ഞുമ്മല്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഇങ്ങനെയൊരു സിനിമയെ കുറിച്ച് കമല്‍ ഹാസന് അറിയില്ലായിരുന്നുവെന്നും തന്റെ ഒരു സുഹൃത്ത് ട്രെയ്‌ലര്‍ അദ്ദേഹത്തിന് അയച്ചു കൊടുത്തിരുന്നുവെന്നും ചിദംബരം പറയുന്നു.
കമല്‍ ഹാസന്‍ ട്രെയ്‌ലര്‍ കണ്ടാല്‍ എന്തായാലും പടം കാണുമെന്നായിരുന്നു തന്റെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രൊമോഷന്റെ ഭാഗമായി തമിഴ് യൂട്യൂബ് ചാനലായ പി.ടി പ്രൈമിനോട് സംസാരിക്കുകയായിരുന്നു ചിദംബരം.
‘സിനിമയിലേക്ക് വേണ്ടി ‘കണ്‍മണി അന്‍പോട്’ പാട്ടിന്റെ റൈറ്റ്‌സ് വാങ്ങിയിരുന്നു. പിന്നെ നമ്മള്‍ പടം ഷൂട്ട് ചെയ്യുന്ന സമയത്ത് കമല്‍ സാറിന് ഈ സിനിമയെ കുറിച്ച് അറിയില്ലായിരുന്നു. എന്നാല്‍ എന്റെ സുഹൃത്ത് സുഹൈല്‍ ട്രെയ്‌ലര്‍ കമല്‍ സാറിന് അയച്ചു കൊടുത്തിരുന്നു.
സാര്‍ ട്രെയ്‌ലര്‍ കണ്ടാല്‍ എന്തായാലും പടം കാണുമെന്നായിരുന്നു ഫ്രണ്ട്സൊക്കെ പറഞ്ഞിരുന്നത്. അങ്ങനെ അവസാനം സാര്‍ മഞ്ഞുമ്മല്‍ കണ്ടു. കഴിഞ്ഞ ദിവസം അദ്ദേഹത്തെ നേരിട്ട് കാണാനും സാധിച്ചു,’ ചിദംബരം പറഞ്ഞു.
തമിഴ് പ്രേക്ഷകരെ കണക്ട് ചെയ്യണമെന്ന് കരുതിയല്ല താന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെടുത്തതെന്ന് പറയുന്ന ചിദംബരം എന്നാല്‍ തമിഴ് പ്രേക്ഷകരുമായി പടം വളരെ നന്നായി കണക്ടാവുകയായിരുന്നുവെന്നും പറഞ്ഞു.
കമല്‍ ഹാസന്റെ ഗുണ സിനിമ തമിഴ് പ്രേക്ഷകര്‍ക്ക് മാത്രമല്ല മലയാളികള്‍ക്കും സൗത്ത് ഇന്ത്യന്‍സിനും ഒരുപോലെ ഇഷ്ടമാണെന്നും തനിക്ക് കണ്‍മണി അന്‍പോട് പാട്ട് ഏറെ പ്രിയപെട്ടതാണെന്നും ചിദംബരം കൂട്ടിചേര്‍ത്തു.
‘തമിഴ് പ്രേക്ഷകരെ കണക്ട് ചെയ്യണമെന്ന് കരുതിയല്ല ആ പടം എടുത്തത്. എന്നാല്‍ പടം വളരെ നന്നായി കണക്ടാവുകയായിരുന്നു. ഗുണ സിനിമ തമിഴ് പ്രേക്ഷകര്‍ക്ക് മാത്രമല്ല മലയാളികള്‍ക്കും സൗത്ത് ഇന്ത്യന്‍സിനും ഒരുപാട് ഇഷ്ടമാണ്. കണ്‍മണി പാട്ടും പ്രിയപെട്ടതാണ്.
സിനിമയില്‍ ആ പാട്ട് വരുമ്പോള്‍ തമിഴ് പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാല്‍ ഇത്രയും റീച്ച് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല,’ ചിദംബരം പറഞ്ഞു.
ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, ചന്തു സലിംകുമാര്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.
കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Content Highlight: Chidambaram Says His Friend Sent Manjummel Boys Trailer To kamal Haasan