ഞാന്‍ കമല്‍ ഹാസന്റെ വലിയ ഫാനാണ്, ഈ സിനിമ കാരണമെങ്കിലും എനിക്ക് അദ്ദേഹത്തെ കാണാന്‍ പറ്റണമെന്നാണ് ആഗ്രഹം; ചിദംബരം
Entertainment
ഞാന്‍ കമല്‍ ഹാസന്റെ വലിയ ഫാനാണ്, ഈ സിനിമ കാരണമെങ്കിലും എനിക്ക് അദ്ദേഹത്തെ കാണാന്‍ പറ്റണമെന്നാണ് ആഗ്രഹം; ചിദംബരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th February 2024, 1:23 pm

2024ലെ നാലാമത്തെ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിദംബരം ഈ സിനിമ സംവിധാനം ചെയ്തത്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് ഒരുകൂട്ടം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതാണ് ചിത്രത്തിന്റെ കഥ. ജാന്‍ എ മന്നിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കൊടൈക്കനാലിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടായ ഗുണാ കേവ് സിനിമയുടെ പ്രധാന ലൊക്കേഷനാണ്.

ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെടുന്ന അത്യധികം അപകടം നിറഞ്ഞ ഗുഹ, 1991ല്‍ കമല്‍ ഹാസന്റെ ഗുണ എന്ന സിനിമ ഷൂട്ട് ചെയ്ത ശേഷമാണ് ഗുണാ കേവ് എന്നറിയപ്പെടുന്നത്. ഗുണയിലെ കണ്മണീ അന്‍പോട് കാതലന്‍ എന്ന പാട്ടിന് സിനിമയില്‍ നല്ലൊരു പങ്കുണ്ട്. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ കമല്‍ ഹാസനുള്ള ട്രിബ്യൂട്ടാണെന്ന് സംവിധായകന്‍ ചിദംബരം ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. ചിദംബരത്തിന്റെ വാക്കുകളും ഗുണയിലെ പാട്ടും മിക്‌സ് ചെയ്ത വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫോസ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും, എക്‌സിലും വന്‍ സ്വീകാര്യതയാണ്.

‘കമല്‍ ഹാസന്റെ വലിയൊരു ഫാനാണ് ഞാന്‍. വെറുമൊരു ആക്ടര്‍ മാത്രമല്ല, ഗ്രേറ്റ് ഫിലിംമേക്കറാണ് അദ്ദേഹം. ബ്രില്ല്യന്റ് ഡയറക്ടറാണ്. എന്നെ ഭയങ്കരമായി ഇന്‍ഫ്‌ളുവന്‍സ് ചെയ്ത പടമാണ് വിരുമാണ്ടി. സിനിമക്ക് വേണ്ടി ജനിച്ചയാളാണ് അദ്ദേഹം. ചെറുപ്പത്തിലേ സിനിമയിലേക്കെത്തി 30വയസിനുള്ളില്‍ തന്നെ അദ്ദേഹം മാസ്റ്ററായി. ഈ സിനിമ കാരണമെങ്കിലും എനിക്ക് കമല്‍ഹാസനെ കാണാന്‍ പറ്റണമെന്നാണ് എന്റെ ആഗ്രഹം. കമല്‍ഹാസനുള്ള ട്രിബ്യൂട്ടാണ് ഈ സിനിമ.

ഞാന്‍ ആലോചിച്ചിട്ടുണ്ട്, ഇന്ന് ടോക്‌നോളജിയൊക്കെ ഇത്ര വളര്‍ന്നു, എല്‍.ഇ.ഡി. ലൈറ്റ്‌സുണ്ട്, ലൈറ്റര്‍ ബാറ്ററീസ് ഉണ്ട്. സിനിമ കുറച്ചുകൂടി മൊബൈലായി. എന്നിട്ടുപോലും നമുക്കവിടെ ഷൂട്ട് ചെയ്യാന്‍ പറ്റുന്നില്ല. ഇവര്‍ 90കളില്‍ വലിയ ലൈറ്റും ജനറേറ്റര്‍ കേബിളുമൊക്കെ അവിടെ എത്തിച്ച് ഇത്രയും ആള്‍ക്കാരെ വെച്ച് എങ്ങനെ ഷൂട്ട് ചെയ്‌തെന്ന് ആലോചിച്ചിട്ടുണ്ട്. അതും ഒന്നോ രണ്ടോ സീനല്ല, പകുതി ഭാഗത്തോളം ആ സ്ഥലത്തു തന്നെയാണ്. പോരാത്തതിന് ഒരു പാട്ടും ഷൂട്ട് ചെയ്തു. അത് വളരെ ടഫും റിസ്‌കിയുമാണ്; ചിദംബരം പറഞ്ഞു.

Content Highlight: Chidambaram saying that he is a big fan of Kamal Haasan