കമല്‍ ഹാസന്റെ ആ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സില്‍ ദൈവത്തെക്കുറിച്ചുള്ള ഡയലോഗിന് ഇന്‍സ്പിറേഷനായത്: ചിദംബരം
കേരളത്തിലും തമിഴ്‌നാട്ടിലും ഗംഭീര പ്രതികരണവുമായി മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ്. സിനിമ കണ്ട കമല്‍ ഹാസനും, ഗുണാ സിനിമയുടെ സംവിധായകനായ സന്താനഭാരതിയും കഴിഞ്ഞ ദിവസം മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അണിയറപ്രവര്‍ത്തകരെ വിളിച്ചുവരുത്തി അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട് കായികമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനും ക്രൂവിനെ നേരിട്ട് കണ്ട് അഭിനന്ദിച്ചു. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിദംബരം ഈ ചിത്രം അണിയിച്ചാരുക്കിയത്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന കൊടൈക്കനാലിലേക്ക് പോകുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
സിനിമയില്‍ ശ്രീനാഥ് ഭാസിയുടെ കഥാപാത്രം തുടക്കത്തില്‍ നിരീശ്വരവാദിയും കഥയുടെ ഒരു ഘട്ടത്തില്‍ ഗ്രാമവാസികള്‍ക്ക് മുന്നില്‍ ദൈവതുല്യനുമാകുന്നുണ്ട്. ആ സീനിന് പ്രചോദനമായത് ഒരു കമല്‍ ഹാസന്‍ ചിത്രമാണെന്നും, താന്‍ കമലിന്റെ വളരെ വലിയ ആരാധകനെന്നുമുള്ള കാര്യം തമിഴ് ചാനലായ സിനിമാവികടന് നല്‍കിയ അഭിമുഖത്തില്‍ ചിദംബരം വെളിപ്പെടുത്തി. സിനിമയുടെ കഥയും ക്യാരക്ടര്‍ ആര്‍കും എങ്ങനെ രൂപപ്പെടുത്തിയെന്ന ചോദ്യത്തിന് സംവിധായകന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘ഇതിന്റെ സ്‌ക്രീന്‍പ്ലേ എഴുതാന്‍ നല്ലവണ്ണം സമയമെടുത്തു. യഥാര്‍ത്ഥ സംഭവമായതുകൊണ്ട് ഒന്നര വര്‍ഷത്തോളമെടുത്തിട്ടാണ് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. റിയല്‍ സ്റ്റോറിയായതുകൊണ്ട് സ്‌ക്രിപ്റ്റില്‍ അധികം ചെയ്ഞ്ച് വരുത്താന്‍ പറ്റില്ല. അവരുടെ എക്‌സ്പീരിയന്‍സ് അതുപോലെ കാണിക്കണം. ഇതില്‍ ഷൂട്ട് ചെയ്തുവെച്ച കുറേ സീനുകള്‍ കട്ട് ചെയ്ത് കളഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ക്യാരക്ടര്‍ ആര്‍ക് ഇത്ര അടിപൊളിയായത്.
ദൈവത്തിനെക്കുറിച്ചുള്ള ആ ഡയലോഗുകള്‍ക്ക് ഇന്‍സ്പിറേഷിനായത് ‘അന്‍പേ സിവം’ ആണ്. കമല്‍ഹാസന്റെ എല്ലാ സിനിമകളിലും ആരാണ് ദൈവം എന്താണ് ദൈവം എന്നുള്ള ചോദ്യം എപ്പോഴും ഉണ്ടാകും. അതാണ് ഞാന്‍ ഈ സിനമയിലും ഉപയോഗിച്ചിട്ടുള്ളത്. ഞാന്‍ അദ്ദേഹത്തിന്റെ വളരെ വലിയ ഒരു ഫാനാണ്,’ ചിദംബരം പറഞ്ഞു.
Content Highlight: Chidambaram reveals the inspiration for god’s reference in Manjummel Boys