തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തു നടക്കുന്നതു വഴിതെറ്റിയ സമരങ്ങളാണെന്ന കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്ക് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മറുപടി. ഈ നാടിന്റെ രാഷ്ട്രീയം ഞങ്ങള്‍ നോക്കിക്കോളാമെന്നും നിങ്ങളുടെ കാര്യം നിങ്ങള്‍ നോക്കിയാല്‍ മതിയെന്നും ചിദംബരം തുറന്നടിച്ചു.
കോണ്‍ഗ്രസിന്റെ സ്ഥാപക ദിനത്തില്‍ തിരുവനന്തപുരത്ത് കെ.പി.സി.സി നടത്തിയ മഹാറാലിയോട് അനുബന്ധിച്ചുള്ള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരത്തിലുള്ളത് മുസ്‌ലിങ്ങള്‍ മാത്രമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ‘മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കില്‍ ബി.ജെ.പി ഭരണഘടനയെ പൊളിച്ചെഴുതിയേനെ. അതിനു കഴിയാത്തതു കൊണ്ടാണ് ബി.ജെ.പി പിന്‍വാതിലിലൂടെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.
നിയമം പൂര്‍ണമായും തെറ്റും അപ്രായോഗികവുമാണ്. ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തെ സുപ്രീം കോടതി റദ്ദാക്കുമെന്ന് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.
രാജ്യത്തു നടക്കുന്നതു വഴിതെറ്റിയ സമരമാണെന്നും അത്തരത്തില്‍ ജനങ്ങളെ നയിക്കുന്നവര്‍ യഥാര്‍ഥ നേതാക്കളല്ലെന്നുമാണ് റാവത്ത് പറഞ്ഞത്.
‘തെറ്റായ ദിശയിലേക്കു ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കള്‍. പല സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ ആള്‍ക്കൂട്ടങ്ങളെ നയിച്ചുകൊണ്ട് അക്രമം നടത്തുന്നതാണു നമ്മള്‍ കാണുന്നത്. ഇതിനെ നേതൃത്വം എന്നു കരുതാനാവില്ല.’- അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഡിസംബര്‍ 31-നു വിരമിക്കാനിരിക്കെയാണ് റാവത്തിന്റെ അഭിപ്രായപ്രകടനം. ആദ്യമായാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.