ചിദംബരം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ; കസ്റ്റഡി കാലാവധി നീട്ടി ചോദിക്കും
INX Media case
ചിദംബരം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ; കസ്റ്റഡി കാലാവധി നീട്ടി ചോദിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th August 2019, 9:18 pm

ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും മൗനത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയില്‍ സി.ബി.ഐ അദ്ദേഹത്തിന്റെ കസ്റ്റഡി നീട്ടി ചോദിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച രാത്രി സി.ബി.ഐ ജോര്‍ബാഗിലെ വസതിയില്‍നിന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നത്.

തിങ്കളാഴ്ച ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. ചോദ്യം ചെയ്യുന്നതിനായി തുടര്‍ന്നും കസ്റ്റഡിയില്‍ വേണമെന്ന് സിബിഐയും, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കോടതിയില്‍ ആവശ്യപ്പെടും.

നിലവില്‍ ഓഗസ്റ്റ് 26 വരെ ചിദംബരത്തിനെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്സ്മെന്റ്് ഡയറക്ടറേറ്റിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേസില്‍ ദല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ചിദംബരം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുകയായിരുന്നു.