| Wednesday, 31st October 2018, 9:34 am

എനിക്ക് പേടിയുണ്ട്, ഇന്ന് അശുഭകരമായി എന്തെങ്കിലും സംഭവിച്ചേക്കാം; റിസര്‍വ് ബാങ്കിനെതിരായ കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതികരണവുമായി ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് നടപടികളെ വിമര്‍ശിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കം ശുഭസൂചനയല്ലെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചി. ചിദംബരം. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ആര്‍.ബി.ഐ ആക്ട് സെക്ഷന്‍ 7 ന്റെ ബലത്തില്‍ റിസര്‍വ് ബാങ്കിന് സര്‍ക്കാര്‍ ശുഭകരമല്ലാത്ത മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇന്ന് കൂടുതല്‍ മോശം വാര്‍ത്തകള്‍ പുറത്തുവന്നേക്കാമെന്ന് ഞാന്‍ ഭയപ്പെടുന്നു.”

സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുപിടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സി.എന്‍.ബി.സി -ടി.വി 18 ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ALSO READ: മന്ത്രി മാത്യു.ടി. തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍

ആര്‍.ബി.ഐ ഗവര്‍ണര്‍ രാജിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഊര്‍ജിതുമായി അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നു.

നേരത്തെ ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിച്ചതിന്റെ ഉത്തരവാദിത്വം റിസര്‍വ് ബാങ്കിനാണെന്ന് അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തിയിരുന്നു.

2008-14 കാലഘട്ടത്തില്‍ സാമ്പത്തിക നില സജീവമാക്കി നിര്‍ത്തുന്നതിന് ബാങ്കുകള്‍ വകതിരിവില്ലാതെ വായ്പ നല്‍കുമ്പോള്‍ റിസര്‍വ് ബാങ്ക് നിയന്ത്രിച്ചില്ലെന്നാണ് ജെയ്റ്റ്ലിയുടെ ആക്ഷേപം.

ALSO READ: തുലാവര്‍ഷമെത്തുന്നു, നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനാധികാരത്തില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് കഴിഞ്ഞ ദിവസം ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ പറഞ്ഞിരുന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം 2008-14 ബാങ്കുകള്‍ വാതിലുകള്‍ തുറന്നിട്ട് വകതിരിവില്ലാതെ വായ്പകള്‍ നല്‍കി. ഈ സമയത്ത് റിസര്‍വ് ബാങ്കും സര്‍ക്കാരും വെവ്വേറെ വഴികളിലായിരുന്നു. റിസര്‍വ് ബാങ്ക് എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഇതെന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും ജെയ്റ്റ്ലി പറഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more