'ഇതൊക്കെ ജനാധിപത്യമില്ലാത്ത രാജ്യങ്ങളിൽ സംഭവിക്കുന്നത്'; ഖാർഗെയെ ജി20 അത്താഴത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധം
ന്യൂദൽഹി: ജി20 ഉച്ചകോടിയുടെ ഭാഗമായി നടത്തുന്ന അത്താഴവിരുന്നിൽ രാജ്യസഭയുടെ പ്രതിപക്ഷ നേതാവായ മല്ലിഗാർജുൻ ഖാർഗെയെ ക്ഷണിക്കാത്തത്തിൽ പ്രതിഷേധവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം.
ജനാധിപത്യവും പ്രതിപക്ഷവും ഇല്ലാതായ ഒരു ഘട്ടത്തിൽ ഇന്ത്യ എത്തിയിട്ടില്ലെന്നും ചിദംബരം സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു.
‘ലോകനേതാക്കൾക്ക് വേണ്ടിയുള്ള അത്താഴവിരുന്നിലേക്ക് പ്രതിപക്ഷ നേതാവിനെ ജനാധിപത്യ രാജ്യത്തിന്റെ സർക്കാർ ക്ഷണിക്കാതിരിക്കുന്നത് എനിക്ക് ഊഹിക്കാനാകുന്നില്ല. ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളിലേ ഇങ്ങനെയൊക്കെ സംഭവിക്കൂ. ജനാധിപത്യവും പ്രതിപക്ഷവും ഇല്ലാതായ ഒരു ഘട്ടത്തിൽ ഇന്ത്യ, അതായത് ഭാരത് എത്തിയിട്ടില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
മല്ലിഗാർജുൻ ഖാർഗെയെ അത്താഴവിരുന്നിന് ക്ഷണിച്ചില്ലെന്നും ഇന്ത്യയുടെ 60% ജനതയുടെ നേതാവിനെ സർക്കാർ വിലകൽപ്പിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
അത്താഴവിരുന്നിൽ പ്രതിപക്ഷനിരയിൽ നിന്നുള്ള മുഖ്യമന്ത്രിമാരായ മമത ബാനർജി, എം.കെ. സ്റ്റാലിൻ, അരവിന്ദ് കെജ്‌രിവാൾ, ഹേമന്ദ് സോറൻ, നിതീഷ് കുമാർ എന്നിവർ പങ്കെടുക്കും. മറ്റു പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അത്താഴവിരുന്നിൽ പങ്കെടുക്കുന്നതിന് സാധ്യത കുറവാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൂർ നിശ്ചയിച്ച പരിപാടികളിൽ തിരക്കിലായതിനാൽ വിരുന്നിന് എത്തില്ല എന്ന് അറിയിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിങ്, എച്ച്.ഡി. ദേവ ഗൗഡ എന്നിവർ അനാരോഗ്യത്തെ തുടർന്ന് പങ്കെടുക്കില്ല.
രാഷ്‌ട്രപതി ദ്രൗപതി മുർമു ആതിഥേയേത്വം വഹിക്കുന്ന അത്താഴവിരുന്ന് ഉച്ചകോടിയുടെ പ്രധാനവേദിയായ ഭാരത് മണ്ഡപത്തിൽ വച്ച് ഇന്ന് നടക്കും.
Content Highlight: Can happen only in countries where there’s no democracy: Chidambaram on ‘no G20 dinner invite’ to Kharge