ഐ.എന്‍.എക്സ് മീഡിയ കേസ്; ഇന്ദ്രാണി മുഖര്‍ജിയെ ചോദ്യം ചെയ്യുന്നു
India
ഐ.എന്‍.എക്സ് മീഡിയ കേസ്; ഇന്ദ്രാണി മുഖര്‍ജിയെ ചോദ്യം ചെയ്യുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th September 2019, 2:19 pm

 

ന്യൂദല്‍ഹി: മുന്‍കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ അറസ്റ്റിനിടയാക്കിയ ഐ.എന്‍.എക്സ് മീഡിയ കേസില്‍ കേസിലെ മാപ്പുസാക്ഷിയായ ഇന്ദ്രാണി മുഖര്‍ജിയെ സി.ബിഐ ഇന്ന് ചോദ്യം ചെയ്യും.

ഐ.എന്‍.എക്സ് മീഡിയകേസിലെ ചില പണമിടപാടുകളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. മകള്‍ ഷീനബോറയുടെ കൊലപാതകത്തില്‍ മുംബൈയിലെ ബൈകുള ജയിലില്‍ വിചാരണ തടവിലാണ് ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഐ.എന്‍.എക്സ് മീഡിയ സ്ഥാപകരായ ഇവര്‍ നേരത്തെ കേസില്‍ മാപ്പുസാക്ഷിയായതായിരുന്നു. ഇന്ദ്രാണിമുഖര്‍ജി നല്‍കിയതെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പി.ചിദംബരത്തിനെതിരെ സി.ബി.ഐ പിടിമുറുക്കിയത്.

തിങ്കളാഴ്ച പ്രത്യേകോടതി ഇവരെ ചോദ്യംചെയ്യാന്‍ സി.ബി.ഐയ്ക്ക് അനുമതി നല്‍കുകയായിരുന്നു. 305 കോടിരൂപയുടെ വിദേശനിക്ഷേപമാണ് എഫ്.ഐ.പി.ബി അനുമതിയില്ലാതെ ഐ.എന്‍.എക്സ് മീഡിയക്ക് ലഭിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഐ.എന്‍.എക്സ് മീഡിയ സി.ഇ.ഒ ആയിരിക്കെ 2007ല്‍ വിദേശനിക്ഷേപ അനുമതിക്കായി ധനമന്ത്രിയായിരിക്കെ ചിദംബരത്തെ ദല്‍ഹി വസതിയില്‍വെച്ച് കണ്ടെന്നായിരുന്നു ഇന്ദ്രാണി പറഞ്ഞത്. ഇതിനുപകരമായി മകന്‍ കാര്‍ത്തി ചിദംബരത്തിനെ ബിസിനസില്‍ സഹായിക്കാന്‍ ചിദംബരം ആവശ്യപ്പെട്ടെന്നും ഇവര്‍ മൊഴിനല്‍കിയിരുന്നു.

ഇതോടെയാണ് പി.ചിദംബരത്തിനെതിരെ അന്വേഷണം ഊര്‍ജിതമായത്. ചിദംബരത്തിന്റെ അറസ്റ്റ് നല്ലകാര്യമെന്നാണ് നേരത്തെ ഇന്ദ്രാണി പ്രതികരിച്ചത്.

ആഗസ്ത് 21 നാണ് അനധികൃത വിദേശനിക്ഷേപം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ചിദംബരം കസ്റ്റഡിയിലാവുന്നത്. ദല്‍ഹിയിലെ തിഹാര്‍ ജയിലിലാണ് ഇദ്ദേഹം ഇപ്പോള്‍ ഉള്ളത്.