തന്റെ ഇംഗ്ലീഷ് മനസിലാവുന്നില്ലെന്ന് പറഞ്ഞ് ചിദംബരം അപമാനിച്ചതായി ഉദ്യോഗസ്ഥന്റെ പരാതി
India
തന്റെ ഇംഗ്ലീഷ് മനസിലാവുന്നില്ലെന്ന് പറഞ്ഞ് ചിദംബരം അപമാനിച്ചതായി ഉദ്യോഗസ്ഥന്റെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th February 2014, 7:20 am

[share]

[] ന്യൂദല്‍ഹി: യോഗത്തിനിടയില്‍ വച്ച് ധനകാര്യമന്ത്രി പി. ചിദംബരം തന്നെ അപമാനിച്ചെന്ന് നഗര വികസ സെക്രട്ടറി സുധീര്‍ കൃഷ്ണയുടെ പരാതി.

നഗര വികസന മന്ത്രി കമല്‍ നാഥിന് സമര്‍പ്പിച്ച കത്തിലാണ് യോഗത്തിനിടയില്‍ വച്ച് ചിദംബരം തന്നെ അപമാനിച്ചതായി സുധീര്‍ പരാതിപ്പെട്ടത്.

ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന് അധിക കേന്ദ്ര സഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് സംഭവം.

യോഗത്തില്‍ വച്ച് താന്‍ സംസാരിക്കുന്നതിനിടെ തന്റെ ഇംഗ്ലീഷ് മനസിലാവുന്നില്ലെന്ന് പറഞ്ഞ് ഹിന്ദിയില്‍ സംസാരിക്കാന്‍ ചിദംബരം ആവശ്യപ്പെട്ടു. തന്റെ ഉദ്യോഗസ്ഥര്‍ അത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ചിദംബരം ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നെന്നും അത് തന്നെ ശരിക്കുംഅപമാനപ്പെടുത്തിയെന്നുമാണ് സുധീര്‍ കത്തില്‍ പറയുന്നത്.

നടപടിയെടുക്കുന്നതിന് സംഭവം പ്രധാനമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തണമെന്നും സുധീര്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് കമല്‍ നാഥ് ഒരു സ്വകാര്യ വാര്‍ത്ത ചാനലിനോട് പറഞ്ഞു.

ധനകാര്യ മന്ത്രാലയത്തിലെയും നഗരവികസന മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.