ശ്രീലങ്കയ്‌ക്കെതിരെ പി. ചിദംബരം
India
ശ്രീലങ്കയ്‌ക്കെതിരെ പി. ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th March 2013, 11:25 am

തമിഴ്‌നാട്: ശ്രീലങ്കയ്‌ക്കെതിരെയുടെ ഇന്ത്യയുടെ നിലപാട് കര്‍ക്കശമാക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നേതാവ് എം. കരുണാനിധി രംഗത്തെത്തിയതിന് പിന്നാലെ ശ്രീലങ്കയ്‌ക്കെതിരെയുള്ള പരാമര്‍ശവുമായി കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരവും രംഗത്ത്.[]

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ പാര്‍ട്ടിയിലെ മന്ത്രിമാരെ പിന്‍വലിക്കുമെന്ന് കരുണാനിധി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ വോട്ട് ചെയ്യുമെന്ന സൂചനയുമായി ചിദംബരം എത്തിയത്.

അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യ സ്വതന്ത്ര നിലപാടെടുക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായാണ് ചിദംബരം വ്യക്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ അമേരിക്ക കൊണ്ടുവരുന്ന പ്രമേയം ഇന്ത്യ അംഗീകരിക്കണമെന്ന് തമിഴ്‌നാട്ടില്‍ ഡി.എം.കെ ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ശ്രീലങ്കയില്‍ തമിഴര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്കെതിരെ ഇന്ത്യ ഇതുവരെ വ്യക്തമായ നിലപാട് അറിയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചിദംബരം പരസ്യമായി തമിഴ്‌നാടിന്റെ ആവശ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എയില്‍ ഡി.എം.കെയുടെ 18 എം.പിമാരാണുള്ളത്. ഇത്രയും പേരെ പിന്‍വലിക്കുന്നത് യു.പി.എക്ക് കടുത്ത ക്ഷീണമാകുമെന്നും വിലയിരുത്തലുണ്ട്.

ശ്രീലങ്കയിലെ തമിഴര്‍ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു. കൂടാതെ എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകന്‍ ബാലചന്ദ്രനെ ശ്രീലങ്കന്‍ സേന തടവിലാക്കിയതിന് ശേഷം വെടിവെച്ച് കൊന്നതാണെന്നും അടുത്തിടെ തെളിഞ്ഞിരുന്നു.

ഈ വിഷയങ്ങളെല്ലാം ശ്രീലങ്കയ്‌ക്കെതിരെ ആഗോളതലത്തില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.