വെറുതേ ഒരു പാട്ടിനും റൊമാന്‍സിനും നായികമാരെ വെക്കണ്ട എന്ന് തോന്നി: ചിദംബരം
Entertainment
വെറുതേ ഒരു പാട്ടിനും റൊമാന്‍സിനും നായികമാരെ വെക്കണ്ട എന്ന് തോന്നി: ചിദംബരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th March 2024, 5:31 pm

വേള്‍ഡ്‌വൈഡായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളസിനിമയെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം 21 ദിവസം 176 കോടിയാണ് കളക്ട് ചെയ്തത്. ഇതോടെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളസിനിമകളില്‍ ഒന്നാമതെത്താനും ചിത്രത്തിന് സാധിച്ചു. 2006ല്‍ നടന്ന യാഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിദംബരം ഈ സിനിമ അണിയിച്ചൊരുക്കിയത്.

കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ഇതുവരെ 40കോടിക്ക് മുകളില്‍ സിനിമ കളക്ട് ചെയ്തു. അതോടൊപ്പം ചിത്രം കണ്ട കമല്‍ഹാസന്‍, സന്താനഭാരതി, അനുരാഗ് കശ്യപ്, കാര്‍ത്തിക് സുബ്ബരാജ്, ഉദയനിധി സ്റ്റാലിന്‍ എന്നിവരും സിനിമയെ അഭിനന്ദിച്ച് മുന്നോട്ടുവന്നു.

 

യഥാര്‍ത്ഥ സംഭവമായതുകൊണ്ടാണ് സിനിമയില്‍ നായികയെ വെക്കാത്തതെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ചിദംബരം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സണ്‍ മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്. എന്തുകൊണ്ടാണ് സിനിമയില്‍ പുരുഷകഥാപാത്രങ്ങലെ മാത്രം വെച്ചത് എന്ന ചോദ്യത്തിന് മറുപടിയായാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്.

‘ആക്ച്വലി, ഈ സിനിമ ഒരു റിയല്‍ ഇന്‍സിഡന്റിനെ ബേസ് ചെയ്തുള്ളതാണ്. ഇതിലെ കഥാപാത്രങ്ങളുടെ അന്നത്തെ കാലത്തെ ജീവിതമാണ് ഞാന്‍ കാണിച്ചിട്ടുള്ളത്. ഇതിന്റെ കഥയെഴുതുന്ന സമയത്ത് ഞാന്‍ യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെപ്പോയി കണ്ടിരുന്നു. അവരുെടയെല്ലാം ലൈഫ് കാണിക്കാന്‍ വേണ്ടി തന്നെ ഒരുപാട് സമയമെടുത്തു. ഇനി റൊമാന്‍സ് കൂടെ കാണിക്കാന്‍ നിന്നാല്‍ ശെരിയാവില്ലെന്ന് തോന്നി.

അത് ഈ സംഭവം നടക്കുന്ന സമയത്ത് അവര്‍ക്ക് ഗേള്‍ഫ്രണ്ട്‌സ് ഉണ്ടായിരുന്നോ എന്ന് ചോദിച്ചിരുന്നു. ഇപ്പോള്‍ അവരുടെയൊക്കെ കല്യാണം കഴിഞ്ഞതുകൊണ്ടാണെന്ന് തോന്നുന്നു, ആര്‍ക്കും പ്രേമമുണ്ടായിരുന്നില്ല എന്ന് പറഞ്ഞത്. പിന്നെ ബാക്കി സിനിമകളില്‍ ചെയ്യുന്നതുപോലെ പേരിനൊരു നായികയെ വെച്ചാല്‍ ശരിയാവില്ലെന്ന് തോന്നി. വെറുതേ ഒരു പാട്ടിനും റൊമാന്‍സിനും എന്തിനാണ് നായിക എന്ന് ചിന്തിച്ചു,’ ചിദംബരം പറഞ്ഞു.

Content Highlight: Chidambaram explains why he did not cast heroine for Manjummel Boys