ന്യൂദല്‍ഹി: എന്തൊക്കെ സംഭവിച്ചാലും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാന്‍ ഒരിക്കലും ഇന്ത്യയ്ക്ക് കൈമാറില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം.
പാക്കിസ്ഥാന്‍ ഒരിക്കലും ദാവൂദ് അവിടെ ഉണ്ടെന്ന് സമ്മതിച്ചുതരില്ല. അങ്ങനെ അവര്‍ സമ്മതിച്ചാലും ദാവൂദിനെ ഇന്ത്യയ്ക്കു വിട്ടുതരില്ലെന്നും ചിദംബരം പറഞ്ഞു.
കറാച്ചിയിലെ സമ്പന്നര്‍ താമസിക്കുന്ന ക്ലിഫ്ടന്‍ മേഖലയിലുള്ള ദാവൂദിന്റെ വസതിയുടെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിദംബരം വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
ദാവൂദ് ഇബ്രാഹിമിന് പാക്കിസ്ഥാനില്‍ ഒരു അ്ഡ്രസ് ഉണ്ടെന്ന കാര്യം ലോകത്തിന് മുഴുവന്‍ അറിയാം. ഇക്കാര്യം പാക്കിസ്ഥാന്‍ സര്‍ക്കാരിനെ ഇന്ത്യ അറിയിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ ഇതിനെ നിഷേധിച്ചു. ഇതിന് മുന്‍പും ദാവൂദിന്റെ വസതിയെ കുറിച്ചുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. പാക്കിസ്ഥാനിലും ദുബായിലും മാറിമാറിയാണ് ദാവൂദ് താമസിക്കുന്നത് ചിദംബരം പറഞ്ഞു.
ദാവൂദ് ഇബ്രാഹിമിനെ തിരികെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയാത്തത് ഇന്ത്യന്‍ സര്‍ക്കാരിന്റെ തെറ്റല്ല. എന്നാല്‍ പാക്കിസ്ഥാന്‍ ദാവൂദിനെ ഒരു താലത്തില്‍വച്ച് ഇന്ത്യയ്ക്ക് കൈമാറുമെന്നു ആരെങ്കിലും കരുതുന്നുണ്ടോയെന്നും ചിദംബരം ചോദിക്കുന്നു.
ഇന്ത്യന്‍ സര്‍ക്കാരിനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാവില്ല. ദാവൂദിനെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം പാക്കിസ്ഥാന്‍ തന്നെയാണ്.
പാക്കിസ്ഥാനില്‍ അധികാരത്തിലേറിയ ഒരു സര്‍ക്കാര്‍ പോലും ദാവൂദ് അവിടെയുണ്ടെന്ന വസ്തുത ഇതുവരെ സമ്മതിച്ചിട്ടില്ലെന്നും ചിദംബരം പറഞ്ഞു.
കഴിഞ്ഞ 23 വര്‍ഷത്തിനിടെ ദാവൂദിനെ തിരിച്ചെത്തിക്കാന്‍ നിരവധി ശ്രമങ്ങള്‍ ഇന്ത്യ നടത്തിയിരുന്നു. 1993 ലെ മുംബൈ ഭീകാരാക്രമണത്തില്‍ 257 പേരായിരുന്നു കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു ദാവൂദ്.