| Saturday, 7th March 2020, 6:10 pm

'യെസ് ബാങ്കിന്റെ തകര്‍ച്ച മോദി സര്‍ക്കാരിന്റെ പിടിപ്പുകേട്, നടപടികള്‍ വിചിത്രം'; ഈ പോക്ക് എങ്ങോട്ടെന്ന് വ്യക്തമാക്കണമെന്ന് പി ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യെസ് ബാങ്കിന്റെ തകര്‍ച്ചയില്‍ മോദി സര്‍ക്കാരിന്റെ ധനകാര്യനയങ്ങളിലെ കെടുകാര്യസ്ഥതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. റിസര്‍വ് ബാങ്ക് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടും യെസ് ബാങ്കിന്റെ കട ബാധ്യതകള്‍ ഉയരുകയായിരുന്നെന്നും എസ്.ബി.ഐയെ മുന്‍നിര്‍ത്തിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ രക്ഷാ പ്രവര്‍ത്തനം വിചിത്രമാണെന്നും ചിദംബരം പറഞ്ഞു.

ധനകാര്യ സ്ഥാപനങ്ങള്‍ക്കുമേല്‍ ബി.ജെ.പി സര്‍ക്കാരിനുള്ള പിടിപ്പുകേടിന്റെ ഇരായണ് യെസ്ബാങ്കെന്നും ചിദംബരം പറഞ്ഞു.

‘നെറ്റ് വാല്യു പൂജ്യമായ ഒരു ബാങ്കിന്റെ ഓഹരി ഏറ്റെടുക്കാനുള്ള എസ്.ബി.ഐയുടെ നീക്കം വിചിത്രം എന്നേ എനിക്ക് പറയാന്‍ കഴിയൂ. ഒരു രക്ഷാ പ്രവര്‍ത്തനത്തിലെ സന്നദ്ധ പ്രവര്‍ത്തകരാണ് എസ്.ബി.ഐ എന്ന ധാരണയൊന്നും എനിക്കില്ല. എല്‍.ഐ.സി ഐ.ഡി.ബിഐയ്ക്ക് വേണ്ടിയല്ല എന്നതുപോലെത്തന്നെയാണത്. ഇതെല്ലാം ആജ്ഞ അനുസരിച്ചുള്ള പ്രകടനങ്ങള്‍ മാത്രമാണ്’, ചിദംബരം പറഞ്ഞു.

‘ചിലസമയത്ത് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രവര്‍ത്തികള്‍ കാണുമ്പോള്‍ യു.പി.എ സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നതെന്നും ഞാനാണ് ധനമന്ത്രിയെന്നും എനിക്ക് തോന്നാറുണ്ട്. ഒരു പ്രതിപക്ഷാംഗത്തെപ്പോലെയാണ് നിര്‍മലാ സീതാരാമന്‍ പെരുമാറാറുള്ളത്’, ചിദംബരം പരിഹസിച്ചു.

2014 മാര്‍ച്ചിന് ശേഷം യെസ് ബാങ്കിന് വായ്പകള്‍ അനുവദിച്ചത് ആരുടെ ശിപാര്‍ശ പ്രകാമാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘അഞ്ച് വര്‍ഷത്തിനുള്ളില്‍ വായ്പാ ബാധ്യത കുതിച്ചുയര്‍ന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കാന്‍ ധനമന്ത്രി നിര്‍മലാ സീതാരാമന് കഴിയുന്നില്ല. നോട്ട് അസാധുവാക്കലിന് ശേഷമുള്ള രണ്ട് വര്‍ഷം കട ബാധ്യത കൂടിയാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണോ അതോ റിസവര്‍വ് ബാങ്കിനാണോ?’, ചിദംബരം ചോദിച്ചു.

ഈ കെടുകാര്യസ്ഥത തുടരുകയാണെങ്കില്‍ പതനം ഒന്നില്‍നിന്നും മറ്റൊന്നിലേക്കുള്ള തുടര്‍ക്കഥയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more