ന്യൂദല്‍ഹി: യെസ് ബാങ്കിന്റെ തകര്‍ച്ചയില്‍ മോദി സര്‍ക്കാരിന്റെ ധനകാര്യനയങ്ങളിലെ കെടുകാര്യസ്ഥതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. റിസര്‍വ് ബാങ്ക് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടും യെസ് ബാങ്കിന്റെ കട ബാധ്യതകള്‍ ഉയരുകയായിരുന്നെന്നും എസ്.ബി.ഐയെ മുന്‍നിര്‍ത്തിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ രക്ഷാ പ്രവര്‍ത്തനം വിചിത്രമാണെന്നും ചിദംബരം പറഞ്ഞു.
ധനകാര്യ സ്ഥാപനങ്ങള്‍ക്കുമേല്‍ ബി.ജെ.പി സര്‍ക്കാരിനുള്ള പിടിപ്പുകേടിന്റെ ഇരായണ് യെസ്ബാങ്കെന്നും ചിദംബരം പറഞ്ഞു.
‘നെറ്റ് വാല്യു പൂജ്യമായ ഒരു ബാങ്കിന്റെ ഓഹരി ഏറ്റെടുക്കാനുള്ള എസ്.ബി.ഐയുടെ നീക്കം വിചിത്രം എന്നേ എനിക്ക് പറയാന്‍ കഴിയൂ. ഒരു രക്ഷാ പ്രവര്‍ത്തനത്തിലെ സന്നദ്ധ പ്രവര്‍ത്തകരാണ് എസ്.ബി.ഐ എന്ന ധാരണയൊന്നും എനിക്കില്ല. എല്‍.ഐ.സി ഐ.ഡി.ബിഐയ്ക്ക് വേണ്ടിയല്ല എന്നതുപോലെത്തന്നെയാണത്. ഇതെല്ലാം ആജ്ഞ അനുസരിച്ചുള്ള പ്രകടനങ്ങള്‍ മാത്രമാണ്’, ചിദംബരം പറഞ്ഞു.
‘ചിലസമയത്ത് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രവര്‍ത്തികള്‍ കാണുമ്പോള്‍ യു.പി.എ സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നതെന്നും ഞാനാണ് ധനമന്ത്രിയെന്നും എനിക്ക് തോന്നാറുണ്ട്. ഒരു പ്രതിപക്ഷാംഗത്തെപ്പോലെയാണ് നിര്‍മലാ സീതാരാമന്‍ പെരുമാറാറുള്ളത്’, ചിദംബരം പരിഹസിച്ചു.