ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ലോണുകളാണ് കിട്ടാക്കടമായി മാറിയിരിക്കുന്നതെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം. എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്തുണ്ടായ നിഷ്‌ക്രിയാസ്തി എത്രയാണെന്നു വെളിപ്പെടുത്താമോ എന്നാണ് ചിദംബരത്തിന്റെ ചോദ്യം.
ട്വിറ്റര്‍ കുറിപ്പുകളിലൂടെയാണ് ചിദംബരം മോദിക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. “യു.പി.എ അധികാരത്തിലിരുന്ന കാലത്ത് അനുവദിച്ച ലോണുകളെല്ലാം കിട്ടാക്കടമായി മാറിയെന്ന് പ്രധാനമന്ത്രി പറയുന്നത് ശരിയാണെന്നു തന്നെയിരിക്കട്ടെ. അവയില്‍ എത്രയെണ്ണം എന്‍.ഡി.എ സര്‍ക്കാരിനു കീഴില്‍ പുതുക്കിക്കൊടുത്തിട്ടുണ്ടെന്നു വെളിപ്പെടുത്തൂ.” ചിദംബരത്തിന്റെ കുറിപ്പില്‍ ആവശ്യപ്പെടുന്നു.
Also Read: ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നെ കോടതി; തെലങ്കാനയില്‍ കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്
യു.പി.എ സര്‍ക്കാര്‍ അനുവദിച്ച ലോണുകള്‍ കിട്ടാക്കടമായി മാറിയിട്ടുണ്ടെങ്കില്‍, അവയെല്ലാം തിരികെയെത്തിക്കാനുള്ള ശ്രമം എന്തുകൊണ്ടാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് എന്നും ചിദംബരം ചോദിക്കുന്നുണ്ട്. ” എന്തുകൊണ്ട് നിങ്ങളാ ലോണുകള്‍ തിരിച്ചു പിടിച്ചില്ല? എന്തു കൊണ്ട് അവയെല്ലാം പുതുക്കി നല്‍കി?”
2014നു ശേഷം അനുവദിച്ച എത്ര ലോണുകള്‍ നിഷ്‌ക്രിയാസ്തിയായി മാറിയിട്ടുണ്ടെന്നും ചിദംബരം ചോദിക്കുന്നു. ഇതേ ചോദ്യം പാര്‍ലമെന്റിലും ഉന്നയിക്കപ്പെട്ടതാണെന്നും എന്നാല്‍ ഉത്തരമൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
ചില പ്രത്യേക കുടുംബത്തില്‍പ്പെട്ടവരുടെ ഒറ്റ ഫോണ്‍ കോളിനു പുറത്താണ് അവരോടടുത്ത വ്യവസായികള്‍ക്ക് ബാങ്കുകള്‍ ലോണനുവദിടച്ചിരുന്നതെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ആരോപിച്ചത്. രാജ്യത്തിന്റെ സമ്പദ്ഘടന തന്നെ തകര്‍ക്കുന്ന തരത്തില്‍ നിഷ്‌ക്രിയാസ്തി വര്‍ദ്ധിപ്പിച്ചത് ഈ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.