ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. പതിനൊന്ന് യുവാക്കളുടെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. ഈ സിനിമ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള തിയേറ്ററുകളില്‍ വന്‍ വിജയമാണ്.
എന്തുകൊണ്ടാണ് സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങളെയും നായകന്മാര്‍ക്ക് ലവ് ട്രാക്കും കൊണ്ടുവരാതിരുന്നത് എന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് ചിദംബരം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ കഥ അങ്ങനെയാണ്. അതിനിടയില്‍ ഒരു ലവ് ട്രാക്ക് കൊണ്ടുവന്നാല്‍ വെറുതെ കാണിക്കുന്നത് പോലെയാകും. അങ്ങനെയൊരു സ്ത്രീ കഥാപാത്രം വന്നാല്‍ ആ കഥാപാത്രത്തോട് നമുക്ക് ഒരു ജസ്റ്റിസ് ഉണ്ടാകും. വെറുതെ ഒരു പാട്ടിനോ ഷോട്ടിനോ മാത്രമായി സ്ത്രീ കഥാപാത്രത്തെ കൊണ്ടുവരാന്‍ കഴിയില്ല.
അങ്ങനെ ഒരാളെ കൊണ്ടുവരുമ്പോള്‍ അത് ഒരു ഫുള്‍ ക്യാരക്ടറാകണം. പക്ഷേ അതിനുള്ള സ്‌പേസ് ഈ പടത്തില്‍ ഇല്ല. പിന്നെ യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്സിനെ ഇന്റര്‍വ്യൂ ചെയ്യുന്ന സമയത്ത് ആര്‍ക്കും ഗേള്‍ഫ്രണ്ടില്ലേയെന്ന് ഞാന്‍ ചോദിച്ചിരുന്നു. ഈ സംഭവം നടന്ന കാലത്തില്ലായിരുന്നു എന്നായിരുന്നു അവരുടെ മറുപടി.
അതുകൊണ്ട് ഒരു നായികയെ കൊണ്ടുവരാനുള്ള സ്‌പേസ് മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഉണ്ടായിരുന്നില്ല. പ്രധാന കഥാപാത്രങ്ങളായി വരുന്ന ബോയ്‌സ് തന്നെ പതിനൊന്ന് ആളുകളുണ്ട്. അവരെയൊക്കെ കാണിച്ച് വരുമ്പോയേക്കും സിനിമ അവസാനിക്കും,’ ചിദംബരം പറഞ്ഞു.
തിയേറ്ററില്‍ വന്‍ വിജയമായ മഞ്ഞുമ്മല്‍ ബോയ്സില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിരയാണ് ഒന്നിച്ചത്.
കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
Content Highlight: Chidambaram Answered to the question Why Manjummel Boys doesn’t have female characters or a love track