ന്യൂദൽഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബരത്തിനും മകനുമെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ദല്‍ഹി പാട്യാല ഹൗസ് കോടതിയാണ് ഇവരുള്‍പ്പെടെ 18 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
പുതിയ ചാര്‍ജ്ജ് ഷീറ്റില്‍, വിദേശ നിക്ഷേപ ആകര്‍ഷണ ബോര്‍ഡ് ക്ലിയറന്‍സുമായി ബന്ധപ്പെട്ട അഴിമതിയാണ് ഇരുവര്‍ക്കുമെതിരെ സി.ബി.ഐ ചുമത്തിയിരിക്കുന്നത്. ജോലിയില്‍ നിന്ന് വിരമിച്ചതും അല്ലാത്തതുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരുകളും റിപ്പോര്‍ട്ടില്‍ സി.ബി.ഐ പരാമര്‍ശിക്കുന്നുണ്ട്.
2006ല്‍ എയര്‍സെല്‍ ടെലികോം കമ്പനിയെ മലേഷ്യയിലെ മാക്‌സിസ് കമ്പനിക്ക് വിറ്റ ഉടമ്പടി ചട്ടങ്ങള്‍ പാലിക്കാതെ ആണ് നടന്നതെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ജൂലൈ 31നാണ് കോടതി കേസില്‍ വാദം കേള്‍ക്കുക.
എന്നാല്‍ നരേന്ദ്ര മോദിയ്‌ക്കെതിരെ താന്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി ആയിട്ടാണ് തന്നേയും മകനേയും കേസില്‍ പ്രതിചേര്‍ത്തതെന്ന് പി. ചിദംബരം പ്രതികരിച്ചു.