കൊടൈക്കനാലും ഗുണ കേവും പ്രധാന ലൊക്കേഷനുകളാക്കി ഷൂട്ട് ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഗുണ കേവിലെ കുഴിയില്‍ വീണ സുഹൃത്തിനെ രക്ഷിച്ചെടുക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കഥ പറഞ്ഞ സര്‍വൈവല്‍ ത്രില്ലര്‍ മേക്കിങ് കൊണ്ടും സാങ്കേതിക മികവ് കൊണ്ടുമെല്ലാം വ്യത്യസ്തത പുലര്‍ത്തിയ ചിത്രമായിരുന്നു.
മഞ്ഞുമ്മല്‍ബോയ്‌സ് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി നിരവധി തവണ ഗുണ കേവിലേക്ക് പോയിട്ടുണ്ടെന്നും ഓരോ സീസണിലും ഗുണ കേവിന് ഓരോ സ്വഭാവമാണെന്നും പറയുകയാണ് സംവിധായകന്‍ ചിദംബരവും ആര്‍ട് ഡയറക്ടര്‍ അജയന്‍ ചാലിശ്ശേരിയും.
കേവിന് അകത്തേക്ക് ഇറങ്ങുന്ന സമയം വല്ലാത്തൊരു പേടി തോന്നുമെന്നും അവിടെയുള്ളവര്‍ ചെറുനാരങ്ങയൊക്കെ നമ്മുടെ പോക്കറ്റിലിട്ടു തരുമെന്നും ഇരുവരും പറഞ്ഞു.
13 പേര്‍ മരിച്ച സ്ഥലമായതുകൊണ്ട് തന്നെ ചില അന്ധവിശ്വാസങ്ങളൊക്കെ അവിടുത്തുകാര്‍ക്കുണ്ടായിരുന്നെന്നും ഒരിക്കല്‍ ഗുഹയിലേക്ക് ഇറങ്ങിയ സമയത്ത് തങ്ങള്‍ക്കും വല്ലാത്തൊരു അനുഭവം ഉണ്ടായെന്നും ഇവര്‍ പറഞ്ഞു.
കേവില്‍ ഇറങ്ങിയ ശേഷം കുഴി അവിടെയാണെന്ന് പറഞ്ഞപ്പോള്‍ താന്‍ അത് കാണാനായി ടോര്‍ച്ച് അടിച്ചെന്നും എന്നാല്‍ പെട്ടെന്ന് ടോര്‍ച്ച് ഓഫായിപ്പോയെന്നും ചിദംബരം പറഞ്ഞു. ഇതോടെ അജയേട്ടന്‍ ടോര്‍ച്ച് ഓണാക്കിയെന്നും എന്നാല്‍ അതും കത്തിയില്ലെന്നും ഇതോടെ തങ്ങള്‍ വല്ലാത്തൊരു അവസ്ഥയിലായിപ്പോയെന്നും ചിദംബരം പറഞ്ഞു. എഫ്.ടി.ക്യു വിത്ത് രേഖാമേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
‘ ഞങ്ങള്‍ ഗുണകേവില്‍ നിരവധി തവണ ഇറങ്ങിയിട്ടുണ്ട്. പല കാലാവസ്ഥയിലാണ് ഇറങ്ങിയിട്ടുള്ളത്. ഓരോ പ്രാവശ്യം പോകുമ്പോഴും ഗുഹയ്ക്ക് ഓരോ സ്വഭാവമാണ്. മഴ പെയ്യുമ്പോള്‍ വേറെ, വേനല്‍ക്കാലത്ത് വേറെ രീതി അങ്ങനെ.
ഗുണ കേവിന്റെ ഒരുവിധം സ്വഭാവമൊക്കെ കണ്ടിട്ടുണ്ട്. മഴക്കാലത്താണ് കേവ് ശരിക്കും വൈലന്റാവുക. സമ്മറില്‍ രാവിലെ കേവിലേക്ക് വെളിച്ചം അടിക്കുന്ന ഒരു സമയമുണ്ട്. അതാണ് സേഫ്,’ ചിദംബരം പറഞ്ഞു.
‘ഞങ്ങളെ അത്രയും പേടിപ്പിച്ചിട്ടാണ് ശരിക്കും അതിന്റെ ഉള്ളിലേക്ക് കൊണ്ടുപോയത്. ഞങ്ങളുടെ പോക്കറ്റിലൊക്കെ ചെറുനാരങ്ങ ഇട്ടുതന്നു. അവര്‍ പറയുന്നത് നെഗറ്റീവ് എനര്‍ജി ഉണ്ടെന്നും പ്രേതമുണ്ടെന്നുമാണ്. പത്ത് പതിനാറ് ആളൊക്കെ മരിച്ചിട്ടുണ്ടല്ലോ. അത് കാരണം അതിന്റെ കുറേ പ്രശ്‌നമുണ്ട്. ഇരുമ്പ് വടിയൊക്കെയായി മുന്നില്‍ കുറച്ച് പേര്‍ നടക്കും. അങ്ങനെയൊക്കെ ആയിരുന്നു,’ അജയന്‍ ചാലിശ്ശേരി പറഞ്ഞു.
ഞങ്ങള്‍ ആദ്യമായി ഗുഹയില്‍ ഇറങ്ങിയ സമയം. ഇത്രയും പേര്‍ അവിടെ മരിച്ചെന്നൊക്ക കേട്ട് കേള്‍വി മാത്രമേ ഉള്ളൂ. അങ്ങനെ ഇറങ്ങി ആ കുഴിയുടെ അടുത്തെത്തി. കൂടെയുള്ള ഒരാള്‍ കുഴി അവിടെയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പെട്ടെന്ന് ടോര്‍ച്ച് അടിച്ചു. എന്നാല്‍ ടോര്‍ച്ച് ഓഫായി. മുഴുവന്‍ ഇരുട്ട്. ഞങ്ങള്‍ പാനിക്കായി.
അതോടെ അജയേട്ടന്‍ അദ്ദേഹത്തിന്റെ കയ്യിലെ ടോര്‍ച്ച് അടിച്ചു. എന്നാല്‍ ആ ഫ്‌ളാഷും ഓഫായി. അടുത്ത ആളുടേത് ഓണാക്കി. ഇതോടെ എല്ലാവരും വല്ലാതെ പാനിക്കായിപ്പോയി.
പിന്നെ ഗുഹയ്ക്കുള്ളില്‍ ഇറങ്ങിയാല്‍ ഒരു പ്രത്യേക സൗണ്ടുണ്ട്. രണ്ട് വലിയ പാറക്കെട്ടിന് ഇടയിലൂടെ കാറ്റ് അടിക്കുന്ന ശബ്ദം. അത് ശരിക്ക് അങ്ങനെ ഒരു സീസണില്‍ അനുഭവിക്കേണ്ടതാണ്. ഗുണ പടത്തില്‍ ആ സൗണ്ട് ഉണ്ട്. നമ്മളുടെ പടത്തിലും കുറച്ച് ഉപയോഗിച്ചിട്ടുണ്ട്,’ ചിദംബരം പറഞ്ഞു.