| Saturday, 23rd May 2020, 4:17 pm

'സര്‍ക്കാരിനോട് അവരുടെ കടമ നിര്‍വഹിക്കാന്‍ പറയൂ'; ആര്‍.ബി.ഐ ഗവര്‍ണറോട് ചിദംബരം; 'സാമ്പത്തികാവസ്ഥയെ നെഗറ്റീവ് വളര്‍ച്ചയിലേക്ക് വലിച്ചിട്ടതോര്‍ത്ത് ആര്‍.എസ്.എസ് ലജ്ജിക്കട്ടെ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തിനെത്തുടര്‍ന്ന് പ്രതിസന്ധിയിലമര്‍ന്ന രാജ്യത്തെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താനും ലോക്ഡൗണിനെത്തുടര്‍ന്നുണ്ടായ നഷ്ടം നികത്താനുമുള്ള കടമകള്‍ നിര്‍വഹിക്കാന്‍ കേന്ദ്രത്തോട് യാതൊരു മയവുമില്ലാതെ ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. ആര്‍.ബി.ഐ ഗവണര്‍ ശക്തികാന്ത ദാസിനോടാണ് ചിദംബരം ഇക്കാര്യങ്ങള്‍ അവശ്യപ്പെട്ടത്.

‘ഡിമാന്‍ഡ് തകര്‍ന്നെന്നും 2020-21ല്‍ വളര്‍ച്ച നെഗറ്റീവിലേക്ക് നീങ്ങിയെന്നും ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറയുന്നു. എന്തുകൊണ്ടാണ് അദ്ദേഹം കൂടുതല്‍ പണലഭ്യത ആവശ്യപ്പെടുന്നത്. സര്‍ക്കാരിനോട് അവരുടെ കടമ നിര്‍വഹിക്കണമെന്നും ധനപരമായി നചപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് വ്യക്തമായി ആവശ്യപ്പെടണം’, ചിദംബരം ട്വീറ്റ് ചെയ്തു.

നെഗറ്റീവ് വളര്‍ച്ചയിലേക്ക് സാമ്പത്തികാവസ്ഥയെ സര്‍ക്കാര്‍ എങ്ങനെയാണ് വലിച്ചിട്ടതെന്ന് ആലോചിച്ച് ആര്‍.എസ്.എസ് ലജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചയാണ് രാജ്യത്തെ സാമ്പത്തിക വളര്‍ച്ച നെഗറ്റീവിലേക്ക് കടന്നെന്ന് ശക്തികാന്ത ദാസ് അറിയിച്ചത്. രാജ്യത്തെ ജി.ഡി.പി വളര്‍ച്ച ചുരുങ്ങുകയാണെന്ന കാര്യം ആദ്യമായാണ് കേന്ദ്രസര്‍ക്കാരിന്റെ പരിധിയിലോ ആര്‍.ബി.ഐയിലോ ഉള്ള ഒരാള്‍ സമ്മതിക്കുന്നത്. ആര്‍.ബി.ഐയുടെ പ്രസ്താവനയ്ക്ക് ശേഷവും പ്രധാനമന്ത്രിയോ ധനമന്ത്രിയോ ജി.ഡി.പിയുടെ ഒരു ശതമാനത്തിലും താഴെയുള്ള ഉത്തേജ പാക്കേജ് സംബന്ധിച്ച് സ്വയം പ്രശംസിക്കുമോ എന്നും ചിദംബരം ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more