റെക്കോഡ് കളക്ഷനുമായി മുന്നേറികൊണ്ടിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ്. റിലീസ് ചെയ്ത് 21 ദിവസം പിന്നിടുമ്പോള്‍ വേള്‍ഡ് വൈഡായി 176 കോടിയോളമാണ് ചിത്രം കളക്ട് ചെയ്തത്. ചിത്രത്തിന് ആദ്യ ഹൈപ്പ് കിട്ടിയത് സംഗീത സംവിധായകൻ സുഷിൻ ശ്യാം മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മറ്റും എന്ന് പറഞ്ഞതോടെയാണ്.
സുഷിൻ ഇല്ലുമിനാറ്റി ആണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ചിദംബരം. സുഷിൻ ഇല്ലുമിനാറ്റി ആണോ എന്ന് തനിക്ക് സംശയമുണ്ട് എന്നാണ് ചിദംബരം മറുപടി പറഞ്ഞത്. സുഷിൻ തുടക്കത്തിൽ പറഞ്ഞ വാക്കുകൾ പടത്തിന് നല്ലൊരു പബ്ലിസിറ്റി കിട്ടിയെന്നും ചിദംബരം കൂട്ടിച്ചേർത്തു. ജാങ്കോ സ്‌പേസ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സുഷിൻ ഇല്ലുമിനാറ്റി ആണോ എന്ന് എനിക്ക് സംശയമുണ്ട്. സുഷിൻ സീൻ മറ്റും എന്ന് പറഞ്ഞതുകൊണ്ടാണ് തുടക്കത്തിലെ ആ ഒരു പബ്ലിസിറ്റി പടത്തിന് കിട്ടിയത്. അവന്റെ വാക്കിന് അത്രയും വിലയുണ്ട് എന്നുള്ളത് മനസ്സിലായി. അവൻ തന്നെ പേടിച്ചു ഞാൻ പറഞ്ഞത് ആളുകൾ ഇത്ര സീരിയസ് ആയിട്ട് എടുക്കുമോ എന്ന്. അതുകൊണ്ടുതന്നെ എനിക്ക് അവനോട് ഒരുപാട് നന്ദിയുണ്ട്. കാരണം അതാണ് ഞങ്ങളുടെ പടത്തിന് കിട്ടിയ ആദ്യത്തെ ഒരു പുഷ്,’ ചിദംബരം പറഞ്ഞു.
സുഷിനെ പടത്തിന്റെ വിജയത്തിന് ശേഷം കണ്ടപ്പോൾ എന്താണ് പറഞ്ഞതെന്ന ചോദ്യത്തിനും ചിദംബരം അഭിമുഖത്തിൽ മറുപടി പറയുന്നുണ്ട്. ‘രക്ഷപ്പെട്ടു. പണി പാളിയില്ല, സീൻ മാറ്റി എന്നതാണ് പറഞ്ഞത്,’ ചിദംബരം പറയുന്നു.
ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരുകൂട്ടം യുവാക്കൾ കൊടൈക്കനാലിലേക്ക് നടത്തിയ യാത്രയുടെ യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ പോലെ തമിഴിലും ഗംഭീരമായി സ്വീകരിക്കപ്പെട്ടു.
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി മാറിക്കഴിഞ്ഞു. കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ, അനുരാഗ് കശ്യപ് തുടങ്ങിയ പ്രമുഖർ ചിത്രത്തിന് പ്രശംസയുമായി മുന്നോട്ട് വന്നിരിന്നു. അങ്ങനെ മലയാള സിനിമ ഏറ്റവും ഉയർച്ചയിലുള്ള സമയമാണ്.
Content Highlight: chidambaram about suhshin shyam’s illuminati