ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായി 106 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിനെതിരെ ബി.ജെ.പി സര്‍ക്കാരിനേയും ധനമന്ത്രി നിര്‍മ്മലാസീതാരാമനേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജാമ്യം ലഭിച്ചതിന് പിന്നാലെ അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡിലെ റാഞ്ചിയിലും എത്തിയിരുന്നു. അവിടേയും അദ്ദേഹം ആയുധമാക്കിയത് രാജ്യത്തെ സാമ്പത്തിക മുരടിപ്പായിരുന്നു.
8,7,6.6,5.8,5,4.5 എന്നീ സംഖ്യകള്‍ മാത്രം നോക്കിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മനസിലാക്കാമെന്ന് ചിദംബരം പറഞ്ഞു. കഴിഞ്ഞ ആറ് പാദങ്ങളിലെ ജി.ഡി.പി വളര്‍ച്ചാ നിരക്കാണിത്. ഈ അക്കങ്ങളെ സൂചിപ്പിക്കുന്നതിലുപരി രാജ്യത്ത് വര്‍ധിച്ചുവരുന്ന എന്നാല്‍ ഭയപ്പെടേണ്ടതുമായ പട്ടിണിയെക്കുറിച്ചും അദ്ദേഹം റാഞ്ചിയില്‍ സംസാരിച്ചു.
അദ്ദേഹം ജയിലായിരുന്ന സമയത്ത് ഒഡീഷ, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു വന്നിരുന്ന തന്നോടൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന സഹതടവുകാര്‍ക്കും ഇതിനെക്കുറിച്ച് നിയമോപദേശം നല്‍കിയിരുന്നുവെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ സംസ്ഥാനങ്ങളിലെ പട്ടിണി നിരക്ക് ക്രമാതീതമായി വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അനുദിനം സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരേയും ചിദംബരം രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തി.
‘കഴിഞ്ഞ ദിവസം പത്രത്തില്‍ ആറ് ലൈംഗികാക്രമണത്തിന്റെ വാര്‍ത്തകളാണ് താന്‍ വായിച്ചത്. ഒരു പത്രത്തില്‍ ഒരു ദിവസം ആറോളം വാര്‍ത്തകള്‍. ലജ്ജ തോന്നുകയാണ്. ഇന്ത്യയിലെ പലഭാഗങ്ങളിലും ക്രമസമാധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൊലീസ് എന്താണ് ചെയ്യുന്നത്? നിയമത്തിലുള്ള ഭയം എവിടെ? ലജ്ജ തോന്നുന്നു.’ ചിദംബരം പ്രതികരിച്ചു.
ജാമ്യം ലഭിച്ചതിന് പിന്നാലെ ചിദംബരം ആദ്യമായി നടത്തിയ പത്രസമ്മേളനത്തിലും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ത്തിയത്. സമ്പദ്വ്യവസ്ഥയെക്കുറിച്ച് മോദി സര്‍ക്കാരിന് ഒരു ധാരണയുമില്ലെന്നും വീണ്ടും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും ചിദംബരം പറഞ്ഞിരുന്നു.
‘രോഗനിര്‍ണ്ണയം തെറ്റാണെങ്കില്‍ എഴുതുന്ന കുറിപ്പടി ഉപയോഗ ശൂന്യമാകും. രോഗം മാരകമായേക്കും. സാമ്പത്തിക വര്‍ഷത്തിന്റെ ഏഴ് മാസം പിന്നിട്ടിട്ടും സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങള്‍ ചാക്രികമാണെന്നാണ് ബി.ജെ.പി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. കാരണം അവര്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ലെന്നു’മായിരുന്നു എന്നായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ