| Friday, 30th August 2013, 3:52 pm

കോഴിവിലവര്‍ദ്ധനയ്ക്കും സമരത്തിനും പിന്നില്‍ സര്‍ക്കാരും ലോബികളുമെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: കേരളത്തിലെ കോഴിവിലയിലെ വര്‍ധനയ്ക്ക് പിന്നില്‍ വന്‍കിട കച്ചവടക്കാരുടേയും തമിഴ്‌നാട് ലോബിയുടേയും സര്‍ക്കാരിലെ ചില ഉന്നതരുടേയും ഗൂഡാലോചനയുണ്ടെന്ന് ആരോപണം. []

അന്യസംസ്ഥാനത്ത് നിന്നെത്തുന്ന കോഴിയുടെ വിലയില്‍ 14.5 ശതമാനം നികുതിയാണ് ഇപ്പോള്‍ ഈടാക്കുന്നത്. കേരളത്തിലേക്ക് ദിവസവും നൂറുകണക്കിന് കോഴി ലോറികളാണ് എത്തുന്നത്.

ഇതു മൂലം നികുതിവരുമാനം ഗണ്യമായി കൂടിയിട്ടുണ്ട്. എന്നാല്‍ നികുതി കുറയ്ക്കാന്‍ വേണ്ടി അന്യ സംസ്ഥാനലോബിയും കേരളത്തിലെ വ്യാപാരികളും ഒരുപോലെ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്.

ഇതിനിടെയാണ് സര്‍ക്കാര്‍ കോഴിയുടെ തറവില കൂട്ടി നിശ്ചയിച്ചത്. ഇതിന്റെ പേരിലാണ് വ്യാപാരികള്‍ സമരം പ്രഖ്യാപിച്ചത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ തറ വില കൂട്ടിയതിനല്ല സമരമെന്നും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കോഴിക്കുള്ള മുന്‍കൂര്‍ നികുതി ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് ആരോപണം.

സമരം ശക്തമാക്കി സംസ്ഥാനത്തെ കോഴി ഉത്പാദനം കുറച്ച് തമിഴ്‌നാട്ടില്‍ നിന്ന് വന്‍തോതില്‍ സംസ്ഥാനത്തേക്ക് കോഴി കടത്താനും ഇവര്‍ ലക്ഷ്യമിടുന്നാതായി ഒരു വിഭാഗം കോഴി കര്‍ഷകര്‍ ആരോപിക്കുന്നു.

ഇതിന് സര്‍ക്കാര്‍ വഴങ്ങുമെന്നും ഇക്കാര്യത്തില്‍ കോഴി വ്യാപാരികളുടെ സംഘടനയും സര്‍ക്കാരും തമ്മില്‍ മുന്‍കൂട്ടിതന്നെ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.

നികുതി കുറച്ച് നല്‍കിയാല്‍ സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടാകും. ലാഭമത്രയും അന്യസംസ്ഥാന കോഴിക്കച്ചവട ലോബിക്ക് കിട്ടും. അതിന്റെ ഒരു ചെറിയ ഒരു പങ്ക് ഇവിടുത്തെ വ്യാപാരികള്‍ക്കും.

സര്‍ക്കാര്‍ നഷ്ടം സഹിച്ചാലും ഇവിടെ കോഴിവാങ്ങുന്നവര്‍ക്ക് വിലയുടെ കാര്യത്തില്‍ ഒരു കുറവും ഉണ്ടാകുകയുമില്ല. സര്‍ക്കാരിന്റെ ഉന്നതരുടെ ചിലരുടെ ഒത്താശയോടെയാണ് സമരമെന്നും ആരോപണമുണ്ട്.

കോഴിക്ക്   തറവില കൂട്ടിയത് ഒത്തുകളിയെന്ന് തോമസ് ഐസക് എം.എല്‍.എ ആരോപിച്ചു. സമരം ചെയ്യിക്കുകയായിരുന്നു ലക്ഷ്യമെന്നും ഒരുപാടുകഥകള്‍ ഇതിനു പിന്നില്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം   പറഞ്ഞു.

We use cookies to give you the best possible experience. Learn more