കോഴി വില കുറയ്ക്കാന്‍ നടപടിയെടുക്കുമെന്ന് കെ.പി മോഹനന്‍
Kerala
കോഴി വില കുറയ്ക്കാന്‍ നടപടിയെടുക്കുമെന്ന് കെ.പി മോഹനന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th February 2013, 12:34 pm

തിരുവനന്തപുരം: ഇറച്ചിക്കോഴികളുടെ വില കുറയ്ക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി കെ.പി മോഹനന്‍. ഇപ്പോഴത്തെ വിലക്കയറ്റത്തിന് പിന്നില്‍ ചില ലോബികളാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.[]

കൃത്രിമക്ഷാമം സൃഷ്ടിച്ചാണ് ലോബി വില കൂട്ടുന്നത്. ഇതിനെതിരെ ഉടന്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം കോഴി വളര്‍ത്തുന്ന തമിഴ്‌നാട്ടിലും കോഴിക്ക് വിലകൂടി. ഉത്പാദനച്ചിലവിലെ വര്‍ധനയാണ് തമിഴ്‌നാട്ടിലും കോഴിവില ഉയരാന്‍ കാരണമായതെന്നാണ് അറിയുന്നത്.

തമിഴ്‌നാട്ടില്‍ ഉല്‍പാദനം കുറഞ്ഞതുമൂലം കേരളത്തിലേക്കെത്തുന്ന കോഴിയുടെ വില ഇനിയും ഉയരുമെന്നാണ് അറിയാന്‍ കഴിയുന്നത്.

രണ്ട് മാസം മുമ്പ് കോഴിക്കുഞ്ഞിന് 15 രൂപയായിരുന്നെങ്കില്‍ ഇന്ന് 35 രൂപ പിന്നിട്ടു. കിലോയ്ക്ക് 100 രൂപയായിരുന്നു പൊളളാച്ചിയില്‍ ഇന്നലെ കോഴിയുടെ ചില്ലറവില. മൊത്തവില തൊണ്ണൂറും. കോഴിറച്ചിക്ക് 150 രൂപയും.

കോഴിത്തീറ്റയ്ക്ക് കിലോയ്ക്ക് എട്ടുരൂപയോളം കൂടി. ഇതോടെ ഒരു കിലോ കോഴിയുടെ ഉല്‍പാദനച്ചെലവ് എഴുപത് രൂപയോളമായെന്ന് കര്‍ഷകര്‍ പറയുന്നു.

അതേസമയം വില ഉയര്‍ന്നെങ്കിലും തല്‍ക്കാലം ഉല്‍പാദനം കൂട്ടെണ്ടന്നാണ് കമ്പനികളുടെ തീരുമാനം. കോഴിവളര്‍ത്തല്‍ നിയന്ത്രിക്കുന്ന വന്‍കിട കമ്പനികള്‍ കര്‍ഷകര്‍ക്ക് കരാറടിസ്ഥാനത്തില്‍ കോഴിക്കുഞ്ഞുങ്ങളെ നല്‍കുന്നതും നിര്‍ത്തിവച്ചിരിക്കുകയാണ്.