കോഴിവില പറന്നു കയറുന്നതിന് പിന്നില്‍ തമിഴ്‌നാട് - ഉത്തരേന്ത്യന്‍ ലോബികള്‍
Economics
കോഴിവില പറന്നു കയറുന്നതിന് പിന്നില്‍ തമിഴ്‌നാട് - ഉത്തരേന്ത്യന്‍ ലോബികള്‍
സൗമ്യ ആര്‍. കൃഷ്ണ
Friday, 26th October 2018, 2:59 pm

ഒരാഴ്ച കൊണ്ട് കോഴി ഇറച്ചിയുടെ വില സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ ആഴ്ചയുടെ തുടക്കംവരെ കിലോഗ്രാമിന് 100 മുതല്‍ 110 രൂപ വരെ വിലയുണ്ടായിരുന്ന കോഴിയിറച്ചിയുടെ വില നഗരമേഖലകളില്‍ കയറിയത് 200 മുതല്‍ 240 വരെയാണ്.

മുഴുവന്‍ കോഴിക്ക് 146 മുതല്‍ 160 രൂപയായി. സെപ്റ്റംബറില്‍ ശരാശരി 85 മുതല്‍ 90 വരെ രൂപയായിരുന്നു വില. പന്ത്രണ്ട് ദിവസം മുമ്പ് 93 രൂപയായിരുന്നു വില. ഇതിന് മുമ്പ് പരമാവധി ഉയര്‍ന്ന വില 230 രൂപയാണ്.

പ്രളയത്തില്‍ കേരളത്തിലെ പൗള്‍ട്രി ഫാമുകള്‍ നശിച്ചിരുന്നു. പിന്നീട് ആവശ്യം പതിയെ ഉയര്‍ന്നെങ്കിലും ഉല്‍പാദനം ആനുപാതികമായി ഉയര്‍ന്നില്ല ഈ സാഹചര്യം തമിഴ്നാട്ടിലെ ഉല്‍പാദകരും വന്‍കിട കമ്പനികളും ചൂഷണം ചെയ്യുകയാണെന്നാണ് കേരളത്തിലെ കച്ചവടക്കാരുടെ ആക്ഷേപം.

ആഴ്ചയില്‍ ഒരു കോടി കിലോഗ്രാം കോഴിയിറച്ചിയാണ് കേരളം കഴിക്കുന്നത് എന്നാണ് ഏകദേശം കണക്ക്. തമിഴ്നാട്ടിലെ നാമക്കല്‍,പൊള്ളാച്ചി മേഖലകളിലെ ഫാമുകളാണ് കേരളത്തിലെ കോഴിയുടെ 60% വിതരണം ചെയ്യുന്നത്. നാമക്കല്‍ ലോബി വിചാരിച്ചാല്‍ അവരുടെ താല്പര്യത്തിനനുസരിച്ച് വില നിയന്ത്രിക്കാന്‍ കഴിയും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

Also Read:  പേര് വെളിച്ചെണ്ണ; വില്‍ക്കുന്നത് ഭക്ഷ്യ എണ്ണ ചേര്‍ത്ത ബ്ലെന്‍ഡിങ് ഓയില്‍

ചിക്കന് വില വര്‍ധിച്ചെങ്കിലും ഭക്ഷണത്തിന് വര്‍ദ്ധിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ .വില ഉടന്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് സംസഥാന ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.

ഇപ്പോഴത്തെ വില വര്‍ധനവും ക്രിസ്മസ് പോലെയുള്ള ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് നാമക്കല്‍ ലോബി ഉണ്ടാക്കിയെടുത്ത അവസ്ഥയാണ് എന്ന് കേരളത്തിലെ കര്‍ഷകര്‍ അഭിപ്രായപ്പെട്ടു.

“ദിവസം രണ്ട് രൂപ , മൂന്ന് രൂപ വച്ച് കൂടിക്കൊണ്ടിരുന്നത് ഇപ്പൊ ഒറ്റയടിക്ക് എട്ടും പത്തും രൂപയാണ് കൂടുന്നത്. പ്രളയത്തിന് ശേഷം കച്ചവടം ഡൗണ്‍ ആയി അത് കാരണം ചെലവ് അതികമായി, അത് കൊണ്ട് ചെറുകിട ഫാമുകാര്‍ പൂട്ടി പ്പോയി.” കച്ചവടക്കാരനായ അമീര്‍ പറയുന്നു.

കെപ്‌കോ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഇടപെടലാണ് ഇപ്പോള്‍ കര്‍ഷകരും കച്ചവടക്കാരും ഒരുപോലെ ആവശ്യപ്പെടന്നത്. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപപ്പിക്കും എന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല എന്നും ഇവര്‍ പറയുന്നു.

Also Read:  സി.ബി.ഐയിലെ വിവാദങ്ങള്‍ കോടതി മേല്‍നോട്ടത്തില്‍ സി.വി.സി അന്വേഷിക്കമെന്ന് സുപ്രീം കോടതി; രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം

എന്നാല്‍ ഇപ്പോഴത്തെ വില വര്‍ധനവിനു പിന്നില്‍ തെന്നിന്ത്യന്‍ ലോബി മാത്രമല്ല എന്ന നിരീക്ഷണവും ചിലര്‍ പങ്കുവെക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ ഉത്സവ വിപണിയില്‍ കോഴി വില വീണ്ടെടുക്കുന്നതിനുവേണ്ടി കമ്പനികള്‍ മൂന്നാഴ്ച്ച മുമ്പ് ഉത്പാദനം നിര്‍ത്തിവച്ചു. വിപണിയില്‍ ലഭ്യത കുറഞ്ഞതോടെ കോഴിവില കുതിച്ചു.

കമ്പനികള്‍ വിരിയിക്കാനുള്ള മുട്ടകള്‍ ബംഗാളില്‍ നിന്നു വാങ്ങുന്നതു നിര്‍ത്തിക്കൊണ്ടാണ ഇത് നടപ്പിലാക്കിയത്. കര്‍ഷകര്‍ പുതിയ വഴികള്‍ പരീക്ഷിച്ചെങ്കിലും ഇന്ത്യയിലെ കാലാവസ്ഥയുമായി യോജിക്കാത്തതിനാല്‍ ഇതൊന്നും വിജയിച്ചില്ല. കര്‍ഷകര്‍ വീണ്ടും പഴയ ഇനങ്ങളിലേക്ക് തിരിഞ്ഞു.

ഈ സാഹചര്യം മുതലാക്കി പഴയ കമ്പനികള്‍ മുട്ട ഉത്പാദനം കുറച്ചു. ഉത്സവകാലത്ത് ആവശ്യക്കാര്‍ ഏറുകയും ചെയ്തതോടെ കോഴിവില കുതിച്ചു കയറുകയായിരുന്നു.

“കോഴിയുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാനുളള പദ്ധതി നടന്നു വരുന്നു. കുടുംബ ശ്രീ , പൗള്‍ട്രി ഡവലപ്‌മെന്റ് ഫൗണ്ടേഷനും , മൃഗ സംരക്ഷണ വകുപ്പ് എന്നിവരെ ഏകോപിച്ച് കേരള ചിക്കണ്‍ പദ്ദതി രൂപീകരിച്ചു കഴിഞ്ഞു.ഇത് ചില ജില്ലകളില്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായ ഉദ്പാദന വര്‍ദ്ധനവ് ഉണ്ടെങ്കിലും എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ഇതിനായി കുടുംബശ്രീ യൂണിറ്റുകളെ കണ്ടെത്തിയിട്ടുണ്ട. അതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കുഞ്ഞ് കോഴികളെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കി ഇറച്ചിയാക്കിതിരിച്ചു വാങ്ങുന്നതാണ് പദ്ധതി. ഇത് വ്യാപിപ്പിക്കുന്നതോടെ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കപ്പെടും” എന്നും മന്ത്രി കെ.രാജു.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.