ആദ്യമായി 'ചിക്കന്‍ ബിരിയാണി'യുടെ രുചിയറിഞ്ഞ് കലാമണ്ഡലം; ഇനി ആഴ്ചയിലൊരിക്കല്‍ മാംസാഹാരം വിളമ്പും
Kerala News
ആദ്യമായി 'ചിക്കന്‍ ബിരിയാണി'യുടെ രുചിയറിഞ്ഞ് കലാമണ്ഡലം; ഇനി ആഴ്ചയിലൊരിക്കല്‍ മാംസാഹാരം വിളമ്പും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th July 2024, 8:50 pm

തൃശൂര്‍: ഒടുവില്‍ ഭക്ഷണ ക്രമത്തില്‍ തിരുത്തലുമായി കേരള കലാമണ്ഡലം. ചിക്കന്‍ ബിരിയാണി വിളമ്പികൊണ്ടാണ് കലാമണ്ഡലം മാറ്റത്തിന് ഒരുങ്ങിയിരിക്കുന്നത്. വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയിരുന്ന ആവശ്യമായിരുന്നു കലാമണ്ഡലത്തിലെ ക്യാന്റീനില്‍ നോണ്‍-വെജ് ഭക്ഷണം വിളമ്പുക എന്നത്. ഇതോടെ 1930ല്‍ കലാമണ്ഡലം സ്ഥാപിക്കപ്പെട്ടതുമുതല്‍ തുടര്‍ന്ന് പോന്നിരുന്ന രീതിയിലാണ് മാറ്റം വന്നിരിക്കുന്നത്.

ബുധനാഴ്ച ഉച്ചഭക്ഷണമായാണ് കലാമണ്ഡലത്തില്‍ ബിരിയാണി വിളമ്പിയത്. ആദ്യമായാണ് കലാമണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മെസ്സില്‍ ചിക്കന്‍ ബിരിയാണി കഴിക്കാന്‍ സാധിക്കുന്നത്. നോണ്‍ വെജ് ഭക്ഷണങ്ങള്‍ വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നുവെന്നാണ് കലാമണ്ഡലത്തിന്റെ വിശദീകരണം. എല്ലാ ബുധനാഴ്ചയും ഈ രീതിയില്‍ നോണ്‍-വെജ് ഭക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നൽകാൻ തീരുമാനിച്ചതായും കലാമണ്ഡലം വ്യക്തമാക്കി.

വിയൂര്‍ ജയിലില്‍ നിന്നാണ് കലാമണ്ഡലത്തിലേക്ക് ബിരിയാണി എത്തിച്ചത്. ചിക്കന്‍ ബിരിയാണിയോടൊപ്പം വെജിറ്റബിള്‍ ബിരിയാണിയും വിയൂരില്‍ നിന്ന് ക്യാമ്പസില്‍ എത്തിച്ചിരുന്നു.

വി.സി, രജിസ്ട്രാർ, അക്കാദമിക് കോഡിനേറ്റര്‍ അടക്കമുള്ളവര്‍ കലാമണ്ഡലത്തിലെത്തി കുട്ടികളോടപ്പം ബിരിയാണി കഴിച്ചിരുന്നു. എന്നാല്‍ കലാമണ്ഡലത്തില്‍ ബിരിയാണി വിളമ്പിയത്തില്‍ ഏതാനും അധ്യാപകര്‍ അതൃപ്തി അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കലാമണ്ഡലത്തിലെ ക്യാന്റീനില്‍ നോണ്‍-വെജ് ഭക്ഷണങ്ങള്‍ പാകം ചെയ്ത് തുടങ്ങിയിട്ടില്ല.

കഴിഞ്ഞുപോയ സ്‌കൂള്‍ കലോത്സവങ്ങളുടെ ഊട്ടുപുരയില്‍ വെജ് വിഭവങ്ങള്‍ മാത്രം വിളമ്പുന്നതുമായി ബന്ധപ്പെട്ട് വന്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. കാലങ്ങളായി കലോത്സവ വേദികളിലെ ഊട്ടുപുരയുടെ ടെന്‍ഡര്‍ നേടിയിരുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയും വിവാദത്തില്‍ പെട്ടിരുന്നു.

തുടര്‍ന്ന് കലോത്സവത്തിന് നോണ്‍ വെജ് വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉറപ്പ് നല്‍കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കേരള കലാമണ്ഡലം പുതിയ മാറ്റത്തിനൊരുങ്ങിയിരിക്കുന്നത്.

Content Highlight: Chicken Biryani was served to the students in Kalamandalam in first time