| Sunday, 22nd October 2023, 10:56 pm

'എല്ലാ മതവിശ്വാസികളും മുസ്‌ലിം സമുദായത്തിനൊപ്പം നിൽക്കണം'; ചിക്കാഗോയിൽ സമ്മേളിച്ച് മുസ്‌ലിം-ജൂത-ക്രിസ്ത്യൻ നേതാക്കൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചിക്കാഗോ: ചിക്കാഗോയിൽ ആറ് വയസുകാരനായ മുസ്‌ലിം ആൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിന്‌ പിന്നാലെ സമുദായങ്ങൾ തമ്മിൽ ഐക്യം വേണമെന്നും വിദ്വേഷ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം, ജൂത, ക്രിസ്ത്യൻ നേതാക്കൾ.

ഇസ്രഈൽ – ഫലസ്തീൻ സംഘർഷത്തിൽ പ്രകോപിതനായി ആറു വയസുകാരനെ ഭൂവുടമ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ മാതാവിനും മാരകമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ അമ്മക്ക് മകന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം ചിക്കാഗോയിലെ കൗൺസിൽ ഓഫ് ഇസ്‌ലാമിക് ഓർഗനൈസേഷനിൽ (സി.ഐ.ഒ.ജി.സി) ഒരുമിച്ചുകൂടിയ മത നേതാക്കൾ കുടുംബത്തിനെ അനുശോചനം അറിയിക്കുന്നതായും പിന്തുണ നൽകുന്നതായും പറഞ്ഞിരുന്നു. ഇസ്രഈൽ – ഗസ വിഷയത്തെ തുടർന്ന് രാജ്യാന്തര തലത്തിൽ ഭീഷണികളും വിദ്വേഷ പ്രചാരണങ്ങളും നടക്കുന്നതിനെതിരെ നേതാക്കൾ പത്രസമ്മേളനം നടത്തി.

ഒരു തെറ്റും ചെയ്യാത്ത അമേരിക്കൻ ബാലന്റെ ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് തങ്ങളെന്ന് സി.ഐ.ഒ.ജി.സി അധ്യക്ഷൻ അബ്ദുൽ ഗനി ഹമാദി അറിയിച്ചു.

‘വംശം, വിശ്വാസങ്ങൾ, നിറം എന്നിവയുടെ പേരിൽ പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്കെതിരെയുള്ള എല്ലാ തരം വിദ്വേഷ പ്രസംഗങ്ങളും നടപടികളും ഞങ്ങൾ അപലപിക്കുന്നു. ഇത് അക്രമണത്തിലേക്കാണ് നയിക്കുന്നത്. എല്ലാ വിശ്വാസങ്ങളും മനുഷ്യന്റെ നിലനിൽപിനെ ആദരിക്കുന്നതാണ്,’ ഹമാദി പറഞ്ഞു.

വിവിധ വിശ്വാസങ്ങൾ പിന്തുടരുന്ന ആളുകൾ ഒരുമിച്ച് മുസ്‌ലിം സമുദായത്തെ പിന്തുണക്കണമെന്ന് അമേരിക്കൻ ജൂയിഷ് കമ്മിറ്റിയുടെ ചിക്കാഗോ ഡയറക്ടറായ സാറാ വാൻ ലൂ പറഞ്ഞു.

‘ഒരു ജൂത എന്ന നിലയിൽ നമ്മൾ വാദിയയെ (കൊല്ലപ്പെട്ട ബാലൻ) കുറിച്ചും അവന്റെ കുടുംബത്തെ കുറിച്ചുമാണ് സംസാരിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. ഇവിടുത്തെ മുസ്‌ലിം, ഫലസ്തീൻ സമുദായങ്ങളെ നമ്മൾ പിന്തുണക്കുന്നുണ്ടെന്നും,’ ലൂ പറഞ്ഞു.

Content Highlight: Chicago religious leaders urge peace after killing of six-year-old Muslim boy

Latest Stories

We use cookies to give you the best possible experience. Learn more