ചിക്കാഗോ: കറുത്തവര്‍ഗക്കാരനായ കൗമാരക്കാരനെ ചിക്കാഗോ പോലീസ് വെടിവെച്ചുകൊല്ലുന്നതിന്റെ ഗ്രാഫിക് വീഡിയോ ചിക്കാഗോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടു. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ വധശിക്ഷ കുറ്റം ചുമത്തുകയും ചെയ്തു.
വീഡിയോ പുറത്തുവന്നതിനെതിരെ തുടര്‍ന്ന് ചിക്കാഗോയില്‍ പോലീസിനെിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. 500 ഓളം പേര്‍ ചിക്കാഗോ പോലീസ് ഹെഡ്ക്വാട്ടേഴ്‌സിനു മുന്നിലൂടെ പ്രതിഷേധമാര്‍ച്ച് നടത്തി.
കഴിഞ്ഞവര്‍ഷമാണ് കറുത്തവര്‍ഗക്കാരനെ പോലീസ് വെടിവെച്ചു കൊന്നത്. ജാസണ്‍ വാന്‍ ഡൈക്ക് വെളുത്തവര്‍ഗക്കാരനായ പോലീസുകാരന്‍ ലാഖ്വാന്‍ മക്‌ഡൊണാള്‍ഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ പൗരനെ വെടിവെച്ചുകൊല്ലുന്ന വീഡിയോ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്.
ഒരു കത്തിയുമായി പ്രധാന തെരുവുവീഥി മുറിച്ചുകടക്കുന്ന ലാഖ്വാനുനേരെ തോക്കുചൂണ്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് തോക്കിന്‍മുനയില്‍ നിന്നും മാറാന്‍ ശ്രമിച്ച ലാഖ്വാനുനേരെ വാന്‍ ഡൈക്ക് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റു വീണിട്ടും ലാഖ്വാനുനേരെ വെടിയുതിര്‍ക്കുന്നത് തുടര്‍ന്നു.
അമേരിക്കയില്‍ വംശീയതാ ഭീതി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ബുധനാഴ്ചയ്ക്കു മുമ്പ് വീഡിയോ പുറത്തുവിട്ടിരിക്കണമെന്ന ജഡ്ജിയുടെ ഉത്തരവ് അനുസരിച്ചാണ് പോലീസ് നടപടി.
കഴിഞ്ഞയാഴ്ചവരെ ഈ വീഡിയോ പുറത്തുവിടേണ്ടതില്ലയെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. ഇത് അന്വേഷണത്തിനു തടസമാകുമെന്നു വിലയിരുത്തിയായിരുന്നു ഇത്. അതുപോലെ തന്നെ വീഡിയോ പുറത്തുവിടുന്നത് വന്‍കലാപങ്ങള്‍ക്കു വഴിവെക്കുമെന്നും ചിലര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. “വീഡിയോ ഗ്രാഫിക് ആണെങ്കിലും അത് കാണുന്നവനെ അസ്വസ്ഥനാക്കും” എന്നു വാന്‍ ഡൈക്കിന്റെ അറ്റോര്‍ണിയും സമ്മതിച്ചിരുന്നു.
2014 ഒക്ടോബറിലാണ് ലാഖ്വാന്‍ (17)കൊല്ലപ്പെട്ടത്.