| Friday, 14th June 2019, 6:51 pm

'ഇതിന് ഞാന്‍ ധോണിയോടാണ് നന്ദി പറയേണ്ടത്'; ടിക്കറ്റൊപ്പിച്ച് നല്‍കിയതിന് നന്ദി പറഞ്ഞ് പാക് ക്രിക്കറ്റ് ആരാധകന്‍ ചാച്ച

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യാ-പാക് മത്സരം കാണാന്‍ ടിക്കറ്റ് സംഘടിപ്പിച്ച് കൊടുത്തതിന് മഹേന്ദ്ര സിങ് ധോണിയ്ക്ക് നന്ദി പറഞ്ഞ് പാക് ക്രിക്കറ്റ് ആരാധകനായ ‘ചാച്ചാ ചിക്കാഗോ’ എന്നറിയപ്പെടുന്ന മുഹമ്മദ് ബഷീര്‍. 2011 ല്‍ മൊഹാലിയില്‍ നടന്ന ഇന്ത്യാ-പാക് ലോകകപ്പ് കളി കാണാന്‍ ടിക്കറ്റ് ഒപ്പിച്ച് കൊടുത്തത് മുതലുള്ള ബന്ധമാണ് ചാച്ചയ്ക്ക് ധോണിയുമായുള്ളത്.

‘ഞാന്‍ ഇന്നലെ ഇവിടെയെത്തി. ടിക്കറ്റ് കിട്ടാനായി 800 മുതല്‍ 900 പൗണ്ട് വരെ മുടക്കാന്‍ ഇവിടെ ആള്‍ക്കാര്‍ തയ്യാറാണ്. ചിക്കാഗോയിലേക്കുള്ള മടക്ക ടിക്കറ്റിന് ഇത്രയും കാശ് മതി. ഇതിന് ഞാന്‍ ധോണിയോടാണ് നന്ദി പറയേണ്ടത്. ടിക്കറ്റ് കിട്ടാന്‍ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല’ ചാച്ച പറഞ്ഞു.

‘തിരക്കിലായത് കൊണ്ട് ധോണിയെ ഞാന്‍ വിളിക്കാറില്ല. ടെക്‌സ്റ്റ് മെസ്സേജുകളിലൂടെയാണ് അദ്ദേഹവുമായി ബന്ധം പുലര്‍ത്താറുള്ളത്. കുറേ മുമ്പ് ഞാനിവിടെ വന്നപ്പോള്‍ അദ്ദേഹം എനിക്ക് ടിക്കറ്റ് ഉറപ്പാക്കി. അദ്ദേഹമൊരു വലിയ മനുഷ്യനാണ്. 2011ലെ ആ മൊഹാലിയിലെ മത്സരം മുതല്‍ അദ്ദേഹം എനിക്ക് ചെയ്ത് തരുന്ന കാര്യങ്ങള്‍ മറ്റാരും ചെയ്യുമെന്ന് തോന്നുന്നില്ല’ ചാച്ച പറയുന്നു.

അമേരിക്കയിലെ ചിക്കാഗോയില്‍ ഹോട്ടല്‍ നടത്തുകയാണ് ക്രിക്കറ്റ് ആരാധകര്‍ സ്‌നേഹത്തോടെ ‘ചാച്ചാ’ എന്ന് വിളിയ്ക്കുന്ന മുഹമ്മദ് ബഷീര്‍. ഇന്ത്യയും പാകിസ്ഥാനും കളി വരുമ്പോള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന ബഷീര്‍ 2011ന് ശേഷം ഇരു രാജ്യങ്ങളുടെയും ഒറ്റ കളിയും ഒഴിവാക്കിയിട്ടില്ല. ഇന്ത്യയുടെയും പാകിസ്താന്റെയും കൊടികള്‍ ചേര്‍ത്തുള്ള വസ്ത്രമണിഞ്ഞ് വരുന്ന ചാച്ച താന്‍ സമാധാനത്തിന്റെ ദൂതനാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.

ഇന്ത്യയോടുള്ള ചാച്ചയുടെ സ്‌നേഹത്തിന്റെ പ്രധാന കാരണങ്ങള്‍ ധോണിയും ഹൈദരാബാദുകാരിയായ ഭാര്യയുമാണ്.

ധോണിയോടും ഇന്ത്യന്‍ ടീമിനോടുമുള്ള സ്‌നേഹം നിലനിര്‍ത്തുന്നുണ്ടെങ്കിലും മാതൃരാജ്യത്തോടുള്ള സ്‌നേഹവും ചാച്ച മറച്ചു വെക്കുന്നില്ല. മാഞ്ചസ്റ്ററില്‍ വിമനമിറങ്ങിയ അദ്ദേഹം ആദ്യം കണ്ടത് പാക് താരങ്ങളെയാണ്. ഹോട്ടലില്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ്മദുള്‍പ്പെടെയുള്ള താരങ്ങളെ കണ്ട ചാച്ച തന്റെ കുടുംബത്തെ പോലെ ഇന്ത്യയെയും പാകിസ്താനെയും ഒന്നാക്കിയ സാനിയ-ഷോയ്ബ് മാലിക്ക് ദമ്പതികളുമായി സെല്‍ഫിയെടുത്താണ് മടങ്ങിയത്. തുടര്‍ന്ന് ഇന്ത്യന്‍ കളിക്കാര്‍ താമസിക്കുന്ന ഹോട്ടലിലേക്കും  ചാച്ച ചിക്കാഗോ പോയി.

We use cookies to give you the best possible experience. Learn more