ബാലി: തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് അധോലോക നായകന്‍ ഛോട്ടാ രാജന്‍ ആവശ്യപ്പെട്ടതായി ബാലി പോലീസ്. ഛോട്ടാ രാജന്‍ സിംബാവേയിലേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് അറിയിച്ചു.
തന്നെ വിട്ടയയ്ക്കണമെന്നും തനിക്ക് സിംബാവേയിലേക്ക് പോകണമെന്നും ഛോട്ടാ രാജന്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ എത്തുന്നതിന് മുന്‍പ് താന്‍ സിംബാവേയില്‍ ആയിരുന്നെന്നും അവിടേക്ക് പോകാന്‍ തന്നെ അനുവദിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബാലി പോലീസ് കമ്മീഷണര്‍ റീന്‍ഹാര്‍ഡ് നെയിന്‍ പറഞ്ഞു.
തന്നെ ഇന്ത്യക്ക് വിട്ടുകൊടുക്കരുതെന്ന് രാജന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. രാജന്‍ മാനസികമായി തകര്‍ന്ന നിലയിലാണ് ഇപ്പോള്‍ ഉള്ളത്. അദ്ദേഹം ആരെയൊക്കെയോ പേടിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവിടെ എത്തിയാല്‍ തന്റെ ഭാര്യയേയും കുട്ടികളേയും ചിലര്‍ വധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഛോട്ടാ രാജന്റെ ആരോഗ്യനിലയില്‍ കുഴപ്പങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കിഡ്‌നി, കരള്‍ രോഗങ്ങള്‍ ഛോട്ടാ രാജനെ അലട്ടുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ മെഡിക്കല്‍ ചെക്കപ്പില്‍ അദ്ദേഹം പൂര്‍ണആരോഗ്യവാനാണെന്നാണ് വ്യക്തമായതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇന്തോനേഷ്യയിലെ ബാലി എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇന്റര്‍പോള്‍ ഛോട്ടാ രാജനെ പിടികൂടിയത്. ഓസ്‌ട്രേലിയന്‍ പൊലീസിന്റെ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
സിഡ്‌നിയില്‍ നിന്നുമായിരുന്നു രാജന്‍ ബാലിയിലെത്തിയത്. ഇതിന് മുമ്പുതന്നെ മോഹന്‍കുമാര്‍ എന്ന പേരിലുള്ള പാസ്‌പോര്‍ട്ടിന്റെ നമ്പറും വിമാനത്തിന്റെ വിവരങ്ങളും ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറിയിരുന്നു.
ഛോട്ടാരാജന്റെ യാത്രാ വിവരങ്ങളും ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസും ഇന്ത്യന്‍ ഏജന്‍സികള്‍ ഓസ്‌ട്രേലിയന്‍ പൊലീസിന് കൈമാറുകയും അവര്‍ ഇന്തോനേഷ്യന്‍ ഇന്റര്‍പോളിനെ വിവരം ധരിപ്പിക്കുകയുമായിരുന്നു. തുടര്‍ന്നാണ് രാജന്‍ അറസ്റ്റിലായത്.
മുംബൈയില്‍ മാത്രം 68 കേസുകളിലെ പ്രതിയാണ് ഛോട്ടാരാജന്‍. ഇതില്‍ 20 കൊലക്കേസുകളുണ്ട്. മക്കോക്ക, പോട്ട, ആയുധനിയമങ്ങള്‍ അനുസരിച്ചുള്ള മറ്റ് നിരവധി കേസുകളുമുണ്ട്.