| Wednesday, 23rd October 2024, 1:33 pm

ഛോട്ടാ രാജന് ജാമ്യം; ജീവപര്യന്തം തടവ് സസ്‌പെൻഡ് ചെയ്ത് ബോംബെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഛോട്ടാ രാജൻ്റെ ജീവപര്യന്തം തടവ് സസ്‌പെൻഡ് ചെയ്ത് ബോംബെ ഹൈക്കോടതി. 2001ൽ ഹോട്ടൽ ഉടമ ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിലെ ഛോട്ടാ രാജൻ്റെ ജീവപര്യന്തം ശിക്ഷ ബോംബെ ഹൈക്കോടതി സസ്‌പെൻഡ് ചെയ്യുകയും കേസിൽ ജാമ്യം അനുവദിക്കുകയും ചെയ്തു.

ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകാൻ കോടതി ഉത്തരവിട്ടു. എന്നാൽ മറ്റ് ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് ഛോട്ടാ രാജൻ ജയിലിൽ തന്നെ തുടരും.

ഈ വർഷം മെയ് മാസമാണ് ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിൽ ഛോട്ടാ രാജനെ പ്രത്യേക കോടതി ശിക്ഷിക്കുകയും ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തത്. ശിക്ഷ റദ്ദാക്കണമെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഛോട്ടാ രാജൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

സെൻട്രൽ മുംബൈയിലെ ഗാംദേവിയിലെ ഗോൾഡൻ ക്രൗൺ ഹോട്ടലിൻ്റെ ഉടമയായിരുന്ന ജയ ഷെട്ടിയെ 2001 മെയ് 4 ന് ഹോട്ടലിൻ്റെ ഒന്നാം നിലയിൽ വച്ച് രാജൻ്റെ സംഘത്തിലെ രണ്ട് പേർ വെടിവച്ചു കൊല്ലുകയായിരുന്നു.

ഛോട്ടാ രാജൻ സംഘത്തിലെ അംഗമായ ഹേമന്ത് പൂജാരിയിൽ നിന്ന് ഷെട്ടി പണം തട്ടിയെന്നും പണം നൽകാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നും പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.

വെറ്ററൻ ക്രൈം റിപ്പോർട്ടർ ജ്യോതിർമയ് ഡേയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രാജൻ ഇപ്പോൾ ദൽഹിയിലെ തിഹാർ ജയിലിലാണ്.

64 കാരനായ രാജൻ മുംബൈയിലെ മാഫിയ സിൻഡിക്കേറ്റ് മേധാവികളിൽ ഒരാളാണ്. 1979ൽ പൊലീസ് കോൺസ്റ്റബിൾമാരെ ആക്രമിച്ചതിനാണ് ഛോട്ടാ രാജൻ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. ജയിൽ മോചിതനായ ശേഷം ഗുണ്ടാസംഘം ബഡാ രാജൻ സംഘത്തിൽ ചേരുകയും ദാവൂദ് ഇബ്രാഹിമിൻ്റെ കീഴിൽ ചേരുകയും ചെയ്തു. 1989-ൽ, രാജൻ ദുബായിലേക്കും ഇന്തോനേഷ്യയിലേക്കും ഒളിച്ചോടിയിരുന്നു. 2015 നവംബറിൽ അവിടെ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടു.

Content Highlight: Chhota Rajan Gets Bail In Murder Case, But Will Remain In Jail

We use cookies to give you the best possible experience. Learn more