| Thursday, 22nd June 2023, 1:59 pm

ഒരേയൊരു ഛേത്രി; ലോക ഫുട്‌ബോളില്‍ മെസിക്ക് തൊട്ടുപുറകിലെത്തി ഇന്ത്യന്‍ സൂപ്പര്‍താരം; വാനോളം പ്രശംസിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ ജയത്തോടൊപ്പം ചരിത്രം കുറിച്ചിരിക്കുകയാണ് സൂപ്പര്‍ താരം സുനില്‍ ഛേത്രി. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് മികവില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പാകിസ്ഥാനെ കീഴ്‌പ്പെടിത്തിയത്.

ഇതോടെ അന്താരാഷ്ട്ര കരിയറിലെ ഗോള്‍ നേട്ടം 90 തികക്കാന്‍ ഛേത്രിക്ക്് സാധിച്ചു. മലേഷ്യയുടെ മുക്താര്‍ ദാഹരിയെ (89) മറികടന്നാണ് ഇന്ത്യന്‍ സൂപ്പര്‍താരത്തിന്റെ നേട്ടം. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണ് (103) മൂന്നാം സ്ഥാനത്ത്.

ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ മുത്തമിട്ടതിന്റെ ആവേശം ചോരാതെയുള്ള പ്രകടനമായിരുന്നു ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ കണ്ടത്. മത്സരത്തില്‍ ഉദാന്ത സിങ്ങാണ് ഇന്ത്യക്കായി നാലാം ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് എയില്‍ ഇന്ത്യ ഒന്നാമതെത്തി.

കളിയുടെ 10ാം മിനിട്ടിലാണ് ഛേത്രിയുടെ ആദ്യ ഗോള്‍ പിറന്നത്. പാക് ഗോള്‍ കീപ്പര്‍ സാഖിബ് ഹനീഫിന്റെ പിഴവില്‍ ഛേത്രി പന്ത് വലയിലെത്തിക്കുകയായിരുന്നു. 16ാം മിനിട്ടില്‍ താരം പെനാല്‍ട്ടിയിലൂടെ ലീഡുയര്‍ത്തി.

രണ്ടാം പകുതിയിലും ഇന്ത്യ തന്നെയാണ് നിറഞ്ഞുനിന്നത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ 73ാം മിനിട്ടില്‍ ഇന്ത്യക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. ഛേത്രിയെ പാക് പ്രതിരോധതാരം ബോക്‌സിനകത്ത് വെച്ച് വീഴ്ത്തിയതിനെ തുടര്‍ന്നാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. കിക്കെടുത്ത ഛേത്രിക്ക് വീണ്ടും ഗോള്‍ വലയിലെത്തിച്ചു. ഇതോടെ താരം ഹാട്രിക് പൂര്‍ത്തിയാക്കുകയായിരുന്നു.

തുടര്‍ന്ന് 81ാം മിനിട്ടില്‍ ഇന്ത്യ നാലാം ഗോള്‍ നേടിയതോടെ മത്സരം 4-0 എന്ന നിലയിലായി. ഉദാന്ത സിങ്ങാണ് ടീമിന്റെ വിജയമുറപ്പിച്ച് നാലാം ഗോള്‍ നേടിയത്.

Content Highlights: Chhetri wins hat trick in SAFF cup

We use cookies to give you the best possible experience. Learn more