| Monday, 11th November 2013, 6:47 am

കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെ ഛത്തീസ്ഗഡ് ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]റായ്പൂര്‍: കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെ ഛത്തീസ്ഗഢ് ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഛത്തീസ് ഗഢ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനാണ് തിങ്കളാഴ്ച തുടക്കമാവുന്നത്.

മാവോവാദി സാന്നിദ്ധ്യം കൂടുതലായി കാണപ്പെടുന്ന  ബസ്തര്‍, രാജ്‌നന്ദ്ഗാവ് എന്നിവിടങ്ങളിലടക്കം പതിനെട്ട് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. രണ്ടാംഘട്ട വോട്ടെടുപ്പ്് ഈ മാസം പത്തൊമ്പതിന് നടക്കും.

മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തര്‍ മേഖലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലും രാജ്‌നന്ദ്ഗാവ് ജില്ലയിലെ 6 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ്. മുഖ്യമന്ത്രി രമണ്‍ സിംഗ് ഉള്‍പ്പെടെ നാല് മന്ത്രിമാരാണ് മാവോയിസ്റ്റുകള്‍ക്ക് ഏറെ സ്വാധീനമുള്ള ബസ്തര്‍ മേഖലയില്‍ നിന്ന് ജനവിധി തേടുന്നത്.

തിരഞ്ഞെടുപ്പിനായി നാലായിരത്തിലധികം പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ പകുതിയിലധികവും പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളാണ്. പതിനെട്ട് നിയോജക മണ്ഡലത്തിലായി 143 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ മാവോവാദികള്‍ ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരം രാജ്യത്തിന്റെ വിവിധ അര്‍ധസൈനിക, സംസ്ഥാന പോലിസ് വിഭാഗങ്ങളില്‍നിന്നായി 750 കമ്പനി സുരക്ഷാ യൂനിറ്റുകളാണ് സംസ്ഥാനത്തു തമ്പടിച്ചിരിക്കുന്നത്.

സി.ഐ.എസ്.എഫ്, ഇന്തോതിബത്തന്‍ ബോര്‍ഡര്‍ പോലിസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ്, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍, ഈസ്‌റ്റേണ്‍ ഫ്രോണ്‍ടിയര്‍ റൈഫിള്‍സ് ഓഫ് വെസ്റ്റ്ബംഗാള്‍, മിലിറ്ററി പോലിസ് ഓഫ് ബിഹാര്‍ തുടങ്ങിയ സേനകളെയാണ് ഛത്തീസ്ഗഡിലെ വിവിധ മണ്ഡലങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.

മാവോവാദികളെ നേരിടുന്നതിനായി നേരത്തേ തന്നെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ള സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, സശത്ര സീമാബല്‍ (എസ്.എസ്.ബി.) തുടങ്ങിയ സേനകളും തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് സജ്ജമായിട്ടുണ്ട്.

കൂടാതെ മൈന്‍ ആന്റ് ബുള്ളറ്റ് പ്രൊട്ടക്റ്റഡ് വാഹനങ്ങള്‍, ബോംബ് സ്‌ക്വാഡ്, മൊബൈല്‍ ടെലികോം ടവറുകളടങ്ങിയ ട്രക്കുകള്‍ തുടങ്ങിയവയും സുരക്ഷാസജ്ജീകരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more