പശുക്കടത്ത് ആരോപിച്ച് ചത്തീസ്ഗഢില്‍ രണ്ട് യുവാക്കളെ അടിച്ചുകൊന്നു; ആള്‍ക്കൂട്ട കൊലപാതകത്തിന് തെളിവില്ലെന്ന് പൊലീസ്
India
പശുക്കടത്ത് ആരോപിച്ച് ചത്തീസ്ഗഢില്‍ രണ്ട് യുവാക്കളെ അടിച്ചുകൊന്നു; ആള്‍ക്കൂട്ട കൊലപാതകത്തിന് തെളിവില്ലെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th June 2024, 2:39 pm

റായ്‌പൂർ: ചത്തീസ്ഗഢിലെ റായ്പൂരിൽ കന്നുകാലികളുമായി പോകുകയയായിരുന്ന യുവാക്കളെ പശുക്കടത്ത് ആരോപിച്ച് മൃഗീയമായി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. യുവാക്കളെ ഒരു സംഘം ആക്രമിക്കുകയായിരുന്നെന്ന് കുടുംബാംഗങ്ങളിലൊരാൾ പറഞ്ഞു.

ഗുഡ്ഡു ഖാൻ ( 35 ) ചന്ദ് മിയ ഖാൻ (23 ) എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സദ്ദാം ഖുറേഷിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആക്രമണം നടന്നപ്പോൾ ഗുഡ്ഡു ഖാൻ തങ്ങളെ വിളിച്ചിരുന്നു എന്നും സഹായത്തിനഭ്യർത്ഥിച്ചിരുന്നതായും ഗുഡ്ഡു ഖാന്റെ ബന്ധു ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

‘പുലർച്ച ഏകദേശം 2 മണിയുടെയും 4 മണിയുടെയും ഇടയിൽ അവൻ ഞങ്ങളെ പല തവണ വിളിച്ചിരുന്നു. ഏകദേശം 47 മിനിറ്റ് നീണ്ട് നിന്നിരുന്നു കോൾ. അതിൽ അവർ തങ്ങളെ ആക്രമിക്കരുതെന്ന് പറഞ്ഞ് കരയുന്നത് കേൾക്കാമായിരുന്നു. അതോടൊപ്പം ആളുകളുടെ ആക്രോശവും കേട്ടിരുന്നു. എവിടുന്നാണിത് കിട്ടിയത് , ഞങ്ങൾ നിന്നെയൊന്നും വെറുതെ വിടില്ലെന്ന് അവിടെ നിന്നാരോ പറയുന്നുണ്ടായിരുന്നു. ഒരു കൂട്ടം ആളുകൾ അവരുടെ വാഹനം തടയുകയും അവരോടു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടതിന് ശേഷം ആക്രമിക്കുകയുമായിരുന്നെന്ന് ഗുഡ്ഡു പറഞ്ഞിരുന്നു. അവർ ഒന്നിലധികം പേരുണ്ടായിരുന്നു. തീർച്ചയായും ഇത് ആൾക്കൂട്ട കൊലപാതകമാണ്,’ ഗുഡ്ഡുവിന്റെ ബന്ധു പറഞ്ഞു.

ചന്ദ് മിയ ഖാനും വീട്ടിലേക്ക് വിളിച്ചതായി ബന്ധുക്കൾ പറഞ്ഞു.

‘അവൻ സംസാരിച്ചപ്പോൾ ആരോ അവന്റെ ഫോൺ തട്ടിപ്പറിച്ചു. ഞങ്ങൾ പൊലീസിനെ വിളിച്ചില്ല കാരണം ഇത് ഇത്രയും വലിയ പ്രശ്നമാണെന്ന് കരുതിയിരുന്നില്ല. ഞങ്ങൾ അവരെ വീണ്ടും വീണ്ടും ഫോൺ വിളിച്ചു പക്ഷേ കിട്ടിയില്ല. ഒടുവിൽ അഞ്ച് മണിയോടെ പൊലീസ് വരികയും അവർ മരിച്ചു എന്ന് അറിയിക്കുകയും ചെയ്തു,’ ചന്ദ് മിയ ഖാന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചുറ്റുവട്ടത്തുള്ള സി.സി. ടിവി ക്യാമാറകളൊക്കെ തങ്ങൾ പരിശോധിക്കുന്നുണ്ടെന്നും എന്നാൽ ഇതുവരെ കേസിനാവശ്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

അവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് അറാങ് എന്ന സ്ഥലത്തിന് സമീപത്തുള്ള പാലത്തിനടിയിൽ നിന്നാണെന്നും 30 അടിയോളം ഉയരമുള്ള പാലത്തിൽ നിന്ന് വീണതുമാകാം മരണകാരണം എന്നും പൊലീസ് പറഞ്ഞു. എന്നാൽ ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നെന്നും അതുകൊണ്ട് തന്നെ മരണകാരണം ആക്രമണമാണോ അതോ വീഴ്ചയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും അഡിഷണൽ പൊലീസ് സുപ്രീണ്ട് കിരൺ റാഥോർ പൊലീസ് പറഞ്ഞു.

‘വിവരം അറിഞ്ഞ ഉടനെ തന്നെ ഞങ്ങൾ അങ്ങോട്ട് തിരിച്ചു. അറാങ്ങിന് സമീപത്തുള്ള പാലത്തിനടിയിൽ നിന്ന് രണ്ടുപേരെ കണ്ടെത്തി. ഒരാൾ അപ്പോൾ തന്നെ മരിച്ചിരുന്നു. പിന്നീട് മൂന്നാമനെയും കണ്ടെത്തി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ചന്ദ് മിയ ഖാൻ മരിച്ചിരുന്നു. സദ്ദാം ഖുറേഷിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. നടന്നത് ആൾക്കൂട്ട കൊലപാതകമാണെന്ന് ഉറപ്പില്ല. അതിനുള്ള തെളിവുകളൊന്നും തന്നെ കിട്ടിയിട്ടില്ല ,’ പൊലീസ് ഉദ്യോഗസ്ഥൻ റാഥോർ പറഞ്ഞു.

 

Content Highlight: Chhattisgarh: Two men transporting cattle found dead in Raipur, family alleges they were lynched