ചണ്ഡിഗഡ്: വാര്‍ത്തവായിക്കുകയായിരുന്നു അവളുടെ ഉത്തരവാദിത്വം. സ്വന്തം ഭര്‍ത്താവിന്റെ മരണ വാര്‍ത്ത തന്നെ ബ്രേക്കിംഗ് ന്യൂസായി വായിച്ചു കൊണ്ട് സുപ്രീത് കൗര്‍ തന്റെ ജോലി ചെയ്തു.
ചണ്ഡിഗഡിലെ പ്രാദേശിക ചാനലായ ഐ.ബി.സി 24 ന്റെ വാര്‍ത്താ അവതാരകയായ സുപ്രീത് കൗറിനാണ് ഈ ദുര്‍ഗ്ഗതിയുണ്ടായത്. വാഹനാപകടത്തെ കുറിച്ച് സംഭവസ്ഥലത്തു നിന്നും റിപ്പോര്‍ട്ടര്‍ തത്സമയം റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെയാണ് തന്റെ ഭര്‍ത്താവാണ് മരിച്ചതെന്നു കൗര്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ തന്റെ ജോലിയില്‍ നിന്നും പിന്മാറാന്‍ അവര്‍ തയ്യാറായിരുന്നില്ല.
മഹാസമുന്‍ഡ് ജില്ലയിലെ പിത്താരയില്‍ ഉണ്ടായ വാഹനാപകടത്തെ കുറിച്ചായിരുന്നു റിപ്പോര്‍ട്ടര്‍ പറഞ്ഞു കൊണ്ടിരുന്നത്. അഞ്ചു പേര്‍ സഞ്ചരിച്ചിരുന്ന റെനോള്‍ ഡസ്റ്റര്‍ കാര്‍ അപകടത്തില്‍പ്പെട്ടെന്നും മൂന്നു പേര്‍ സംഭവ സ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടെന്നുമായിരുന്നു ബ്രേക്കിംഗ്. അപകടത്തില്‍പ്പെട്ടവരുടെ പേരുവിവരങ്ങല്‍ റിപ്പോര്‍ട്ടര്‍ക്ക് അറിയില്ലായിരുന്നു.
പക്ഷെ സുപ്രീതിന് തന്റെ ഭര്‍ത്താവാണ് അപകടത്തില്‍പ്പെട്ടതെന്നു മനസ്സിലാക്കാന്‍ അതു ധാരാളമായിരുന്നു. ഭര്‍ത്താവ് സ്ഥിരമായി അതേസമയം, അതേ വഴിയിലൂടെ സഞ്ചരിക്കാറുണ്ടായിരുന്നു. ഇന്നും അതുണ്ടാകുമെന്നും കൂടാതെ കൂടെ നാലുപേരും ഉണ്ടാകുമെന്നും കൗറിന് അറിയാമായിരുന്നു.
തന്റെ ഭര്‍ത്താവ് ഹര്‍സാദ് കവാഡെയുടെ മരണവാര്‍ത്ത വായിച്ചതിനു ശേഷം വായന അവസാനിപ്പിച്ച് ഡെസ്‌ക്കിലേക്ക് മടങ്ങിയെത്തിയ കൗര്‍ പൊട്ടിക്കരയുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ക്കുപോലും അപ്പോഴാണ് മരിച്ചത് കൗറിന്റെ ഭര്‍ത്താവാണ് മനസ്സിലായത്.
തുടര്‍ന്ന് ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ട കൗര്‍ അപകടമുണ്ടായ സ്ഥലത്തേക്കു പുറപ്പെടുകയായിരുന്നു. കൗറിന്റെ ധീരതയും തൊഴിലിലുള്ള അര്‍പ്പണ ബോധവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.