'നീയെവിടെയാണെന്ന് ചോദിക്കുമ്പോള്‍ ടി.വി നോക്ക് മനസ്സിലാകുമെന്നായിരുന്നു എന്നും ഞാന്‍ മറുപടി നല്‍കിയിരുന്നത്. അന്നും ഞാന്‍ അവിടെ തന്നെയായിരുന്നു.'; ലോകം കരഞ്ഞ ആ വാര്‍ത്ത വായിച്ച സുപ്രീത് പറയുന്നു
India
'നീയെവിടെയാണെന്ന് ചോദിക്കുമ്പോള്‍ ടി.വി നോക്ക് മനസ്സിലാകുമെന്നായിരുന്നു എന്നും ഞാന്‍ മറുപടി നല്‍കിയിരുന്നത്. അന്നും ഞാന്‍ അവിടെ തന്നെയായിരുന്നു.'; ലോകം കരഞ്ഞ ആ വാര്‍ത്ത വായിച്ച സുപ്രീത് പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th April 2017, 5:38 pm

റായ്പൂര്‍: കഴിഞ്ഞ എട്ടാം തിയ്യതി വാര്‍ത്താലോകത്തിന്റെ ഹൃദയത്തിലെ മുറിവായിരുന്നു സുപ്രീത് കൗര്‍. സ്വന്തം ഭര്‍ത്താവിന്റെ മരണവാര്‍ത്ത വായിക്കുമ്പോള്‍ അവളുടെ കണ്ണു നിറയുകയോ തൊണ്ടയിടറുകയോ ചെയ്തില്ല. സുപ്രീത് വാര്‍ത്ത വായിച്ചപ്പോളായിരുന്നു സഹപ്രവര്‍ത്തകര്‍ക്കു പോലും മനസ്സിലായത് മരിച്ചത് അവളുടെ ഭര്‍ത്താവാണെന്ന്.

ഭര്‍ത്താവിന്റെ മരണവാര്‍ത്തയുടെ ബ്രേക്കിംഗ് വായിക്കുന്ന സുപ്രീതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തൊഴിലിനോടുളള സുപ്രീതിന്റെ അര്‍പ്പണബോധത്തെയും ആത്മാര്‍ത്ഥതേയും പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

തന്റെ ജീവിതത്തിലെ കറുത്ത ദിനത്തെ കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു സുപ്രീത്.

” നീയെവിടെയാണെന്ന് ഭര്‍ത്താവ് ചോദിക്കുമ്പോള്‍ ടി.വി നോക്ക് മനസ്സിലാകുമെന്നായിരുന്നു എന്നും ഞാന്‍ മറുപടി നല്‍കിയിരുന്നത്. അന്നും ഞാന്‍ അവിടെ തന്നെയായിരുന്നു. ”

” ഞാനൊരു റിസേര്‍വ്ഡ് ടൈപ്പായിരുന്നു. ആ തോടു പൊളിച്ച് എന്നെ പുറത്തു കൊണ്ടു വന്നത് അദ്ദേഹമായിരുന്നു. അദ്ദേഹമായിരുന്നു എന്റെ ജീവിതം. എന്നെ സന്തോഷിക്കാന്‍ പഠിപ്പിച്ചത് അദ്ദേഹമായിരുന്നു. എന്റെ മാധ്യമപ്രവര്‍ത്തനത്തേയും ഒരുപാട് പിന്തുണച്ചിരുന്നു. ജീവിതത്തിലെ ഈ ഇരുണ്ട സമയത്ത് പിന്തുണയറിച്ചവരോടെല്ലാം ഒരുപാട് നന്ദിയുണ്ട്. സുപ്രീത് പറയുന്നു.

നാല് വര്‍ഷം മുമ്പ് സമാനമായ ഒരു വാഹനാപകടത്തിലാണ് സുപ്രീതിന് തന്റെ അച്ഛനെ നഷ്ടമാകുന്നതും. ബിലായ് സ്വദേശിയായ സുപ്രീതും ബിസിനസുകാരനായ ഗൗഡേയും രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് വിവാഹിതരാകുന്നത്. തുടര്‍ന്ന് തന്റെ ജോലി സഥലത്തിനടുത്ത് വീടെടുത്ത് താമസിച്ചു വരികയായിരുന്നു സുപ്രീതും ഭര്‍ത്താവും.


Also Read: ‘ എന്റെ അച്ഛനുള്ള സമര്‍പ്പണമായിരിക്കും ആ ഇന്നിംഗ്‌സ്’; തിരിച്ചു വരവിനൊരുങ്ങി മനോജ് തിവാരി


30 കാരനായ ഗൗഡേയും രണ്ടു സുഹൃത്തുക്കളും പിത്താരയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഇതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനായി വിളിച്ച ചാനല്‍ റിപ്പോര്‍ട്ടര്‍ നല്‍കിയ സൂചനകളില്‍ നിന്നുമാണ് മരിച്ചത് തന്റെ ഭര്‍ത്താവാണെന്ന് സുപ്രീത് തിരിച്ചറിഞ്ഞത്. സുപ്രീത് വാര്‍ത്ത വായിച്ചതോടെയാണ് മരിച്ചത് അവരുടെ ഭര്‍ത്താവാണെന്ന് മറ്റുള്ളവര്‍ തിരിച്ചറിഞ്ഞത്.

ചത്തീസ്ഗഡിലെ പ്രമുഖ ചാനലായി ഐ.ബി.സി 24 ന്റെ വാര്‍ത്താ അവതാരകയാണ് സുപ്രീത് കൗര്‍. ഒരു മാധ്യമ പ്രവര്‍ത്തകയെന്ന നിലയില്‍ സുപ്രീതിനെ കുറിച്ച് തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നാണ് ചീഫ് എഡിറ്റര്‍ രവി കാന്ത് മിത്തല്‍ പറയുന്നത്. ചത്തീസ്ഗഡ് മുഖ്യമന്ത്രി സുപ്രീതിനെ ഉടനെ തന്നെ സന്ദര്‍ശിക്കും.