ചത്തീസ്ഗഡിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇനി 'ചാണക ടച്ച്'
national news
ചത്തീസ്ഗഡിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇനി 'ചാണക ടച്ച്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th December 2022, 12:54 pm

റായ്പൂര്‍: ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനായി ചാണകം കൊണ്ട് നിര്‍മിച്ച പെയിന്റ് സര്‍ക്കാര്‍ സ്‌കൂളുകളിലടിക്കാനൊരുങ്ങി ചത്തീസ്ഗഡ് സര്‍ക്കാര്‍.

പദ്ധതിയുടെ ആദ്യഘട്ടമെന്നോണം കാങ്കര്‍ ജില്ലയിലെ കൊഡഗാവിലുള്ള ആദിവാസി വിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ച സര്‍ക്കാര്‍ സ്‌കൂളിലും ഹോസ്റ്റലിലുമായാണ് ചാണക പെയിന്റ് അടിച്ചത്.

‘ഗോധന്‍ ന്യായ് യോജന’ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇത്തരമൊരു നടപടിക്ക് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ രൂപം നല്‍കിയത്.

ഗ്രാമീണ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുക, അവരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് എല്ലാ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളിലും ചാണക പെയിന്റ് അടിക്കണമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ നിര്‍ദേശിച്ചത്.

ചത്തീസ്ഗഡ് സര്‍ക്കാര്‍ സംരംഭമായ മഹാത്മാഗാന്ധി റൂറല്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് കീഴിലാണ് ചാണക പെയ്ന്റ് നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഗോധന്‍ ന്യായ് യോജനക്ക് കീഴില്‍ കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ ചാണകവും സംസ്ഥാനത്ത് സംഭരിക്കുന്നുണ്ട്.

‘വനിതാ സ്വയംസഹായ സംഘങ്ങളുടെ കീഴിലാണ് പെയിന്റ് നിര്‍മാണം. ഒരു യൂണിറ്റില്‍ 20ഓളം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. പ്രതിദിനം 500 ലിറ്റര്‍ പെയിന്റ് ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. പെയിന്റ് ഉത്പാദനത്തിന് അനുസൃതമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും ഭാവിയില്‍ ചാണക പെയിന്റുകൊണ്ട് കളര്‍ ചെയ്യും,’ കാങ്കര്‍ ജില്ലാ കളക്ടര്‍ പ്രിയങ്ക ശുക്ല പറഞ്ഞു.

‘എനിക്ക് പ്രതിമാസം 3000 രൂപയായിരുന്നു വരുമാനം. പെയിന്റ് നിര്‍മാണ യൂണിറ്റില്‍ ഭാഗമായതോടെ എന്റെ വരുമാനം 5000 രൂപയായി വര്‍ധിച്ചു. ഈ സംരംഭത്തില്‍ നിന്ന് കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ചാണകം വിറ്റ് ഗ്രാമീണരും വരുമാനം നേടുന്നുണ്ട്,’ വനിതാ സ്വയംസഹായ യൂണിറ്റിലെ അംഗമായ ജഗേശ്വരി ഭാസ്‌കര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അതേസമയം, ‘ഖാദി പ്രകൃതിക് പെയിന്റ്’ എന്ന് പേരിട്ടിരിക്കുന്ന ചാണക പെയിന്റിന് അസഹ്യമായ മണമില്ലെന്ന് മാത്രമല്ല ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുമുണ്ട്. നിലവില്‍ വിപണിയില്‍ ലഭ്യമായ പെയിന്റുകളേക്കാള്‍ പകുതി വിലമാത്രമേ ചാണക പെയിന്റിനുള്ളൂ. മാത്രമല്ല ചാണകമാണ് പെയിന്റിലെ പ്രധാന ഘടകം എന്നതിനാല്‍ ഉത്പന്നം നിര്‍മിക്കുന്നവര്‍ക്കും ലാഭകരമാണ്.

രണ്ട് വേരിയന്റുകളിലായാണ് പെയിന്റ് ഇറക്കിയിരിക്കുന്നത്. ഡിസ്റ്റമ്പറിന് ഒരു ലിറ്ററിന് 120 രൂപയും എമല്‍ഷന് 225 രൂപയുമാണ് വില. വീടിനകത്തും പുറത്തും ഉപയോഗിക്കാവുന്ന പെയിന്റ് നാല് മണിക്കൂര്‍ കൊണ്ട് ഉണങ്ങും. വെള്ള നിറത്തിലുള്ള പെയിന്റില്‍ വേണ്ട നിറങ്ങള്‍ ചേര്‍ത്ത് വിവിധ നിറങ്ങളുള്ള പെയിന്റ് ആക്കി മാറ്റാം.

Content Highlight:  Chhattisgarh school, hostel get fresh coat of Cow dung paint