റായ്പൂര്‍: ടൂള്‍ക്കിറ്റ് വിവാദത്തില്‍ ബി.ജെ.പി ദേശീയ വക്താവ് സംപിത് പത്രയ്‌ക്കെതിരെ സമന്‍സ് അയച്ച് ഛത്തീസ്ഗഡ് പൊലീസ്. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് റായ്പൂര്‍ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ടൂള്‍ക്കിറ്റ് വിവാദത്തില്‍ സംപിത് പത്രയ്ക്കും മുന്‍ ഛത്തീസ്ഗഡ് മന്ത്രി രമണ്‍ സിംഗിനുമെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ നല്‍കിയ പരാതിയിലാണ് പൊലീസ് സമന്‍സ് അയച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ ആയോ നേരിട്ടോ ഹാജരാകണമെന്നാണ് പൊലീസ് സംപിത് പത്രയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ വ്യാജ ലെറ്റര്‍ഹെഡില്‍ നിന്ന് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചുവെന്നാണ് ഇവര്‍ക്കെതിരായ കേസ്. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിന്റെ തോല്‍വി മറച്ചുവെച്ച് അതില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരം വ്യാജ വിവരങ്ങള്‍ പങ്കുവെക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
വ്യാജമായ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുമ്പോള്‍ കൃത്രിമം എന്ന ലേബല്‍ ചെയ്യുകയോ അല്ലെങ്കില്‍ ഉള്ളടക്കം നീക്കം ചെയ്യുകയോ വേണം എന്നാണ് ട്വിറ്ററിന്റെ നയം. നേരത്തെ സംപിത് പത്ര പങ്കുവെച്ച രേഖകള്‍ കൃത്രിമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.