അമിത് ഷായുടെ അംബേദ്ക്കര്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ചത്തീസ്ഗഡ് പൊലീസ്
national news
അമിത് ഷായുടെ അംബേദ്ക്കര്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ചത്തീസ്ഗഡ് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th December 2024, 1:24 pm

റായ്പൂര്‍: ബി.ആര്‍ അംബേദ്ക്കറിനെതിരായ കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. അമിത്ഷായ്‌ക്കെതിരെ പ്രതിഷേധിച്ച് ചത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ വസതിയിലേക്ക് കാല്‍നട മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റായ്പൂരിലെ ഗാന്ധി മൈതാനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്ന് പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പ്രതിഷേധക്കാരെ തടയാന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു.

ചത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബൈജ്, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആകാശ് ശര്‍മ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കോണ്‍ഗ്രസ് ഇപ്പോള്‍ അംബേദ്ക്കര്‍ അംബേദ്ക്കര്‍ എന്ന് പറഞ്ഞ് നടക്കുകയാണെന്നും അംബേദ്ക്കര്‍ എന്ന് പറഞ്ഞ അത്രയും തവണ ദൈവത്തിന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ കോണ്‍ഗ്രസിന് മോക്ഷം കിട്ടിയേനെയെന്ന പരാമര്‍ശമാണ് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു.

അമിത് ഷായുടെ പരാമര്‍ശത്തിന് പിന്നാലെ പാര്‍ലമെന്റിന് അകത്തും പുറത്തും ബി.ജെ.പിക്കെതിരെയും ആഭ്യന്തരമന്ത്രിക്കെതിരെയും വലിയ തോതിലുള്ള പ്രതിഷേധമാണുയര്‍ന്നത്. രാജ്യസഭയില്‍ വെച്ച് അമിത് ഷാ നടത്തിയ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്.

Content Highlight: Chhattisgarh police arrested Congress workers who protested against Amit Shah’s anti-Ambedkar remarks