|

പൊലീസ് ആദിവാസി പെണ്‍കുട്ടികളെ നഗ്നരാക്കി ഷോക്കടിപ്പിക്കാറുണ്ട്; ക്രൂരത വെളിപ്പെടുത്തി ഡപ്യൂട്ടി ജയിലര്‍ വര്‍ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഛത്തിസ്ഗണ്ഡ്: ഛത്തിസ്ഗണ്ഡില്‍ ആദിവാസി പെണ്‍കുട്ടികള്‍ക്കെതിരായ പൊലീസ് ക്രൂരത വെളിപ്പെടുത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് പോസ്റ്റ്. റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡപ്യൂട്ടി ജയിലര്‍ വര്‍ഷ ഡോങ്ക്രെയാണ് പൊലീസിന്റെ അതിക്രമം വെളിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.


Also read ‘ഈ കണ്ടതും കേട്ടതുമൊന്നുമല്ല ഉത്തരകൊറിയ എന്ന സത്യം’; ഉത്തരകൊറിയന്‍ യാത്രാനുഭവം പങ്കുവെച്ചുള്ള വീഡിയോ വൈറലാകുന്നു 


പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ നഗ്നരാക്കി ക്രൂരപീഡനത്തിനിരായാക്കുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നാണ് വര്‍ഷ ഡോങ്ക്രെ പോസ്റ്റില്‍ പറയുന്നത്. അവരുടെ കൈകളിലും സ്തനങ്ങളിലും ഇലക്ട്രിക് ഷോക്കേല്‍പ്പിക്കുന്നത് കണ്ട് താന്‍ ഉഭയന്നിട്ടുണ്ടെന്നും എന്തിനാണ് കുട്ടികള്‍ക്ക് നേരെ മൂന്നാം മുറ ഉപയോഗിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.

“പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അതിക്രൂരമായി ഉപദ്രവിക്കുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. 14നും 16നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ നഗ്നരാക്കി ദേഹോപദ്രവം ഏല്‍പിക്കാറുണ്ട്. കൈകളിലും സ്തനങ്ങളിലും ഇലക്ട്രിക് ഷോക്ക് ഏല്‍പിക്കുന്നത് കണ്ട് ഭയന്നിട്ടുണ്ട് ഞാന്‍. എന്തിനാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ മൂന്നാംമുറ പ്രയോഗിക്കുന്നത്? ആ കുട്ടികള്‍ക്ക് ചികിത്സ നല്‍കാന്‍ ഞാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്” വര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.

ബസ്തറില്‍ ഇരുവിഭാഗമായി പരസ്പരം പോരടിക്കുന്നത് തങ്ങള്‍ തന്നെയാണെന്ന് പറയുന്ന വര്‍ഷ ആദിവാസികളെ ഇവിടെ നിന്നും കുടിയിറക്കുകയാണെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയാണെന്നും പറയുന്നു.


Dont miss ബാഹുബലി ചിത്രീകരണം; കണ്ണവം വനമേഖലയില്‍ വരുത്തിയത് വന്‍ പരിസ്ഥിതി നാശം; പൂര്‍വ്വസ്ഥിതിയിലാകാന്‍ വേണ്ടത് എഴുപതിലധികം വര്‍ഷങ്ങള്‍


“ബസ്തറില്‍ ഇരുഭാഗത്തായി നിന്ന് പോരടിച്ച് മരിക്കുന്നത് നമ്മുടെ പൗരന്മാരാണ്. മുതലാളിത്ത വ്യവസ്ഥ ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്നും കുടിയിറക്കുന്നു. ഗ്രാമങ്ങള്‍ അഗ്‌നിക്കിരയാക്കുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. എല്ലാം ഭൂമിയും വനവും കൈക്കലാക്കാനാണ്. സ്ത്രീകളെയും കുട്ടികളെയും നിയമപാലകര്‍ വേട്ടയാടിയാല്‍ പിന്നെ നീതിക്കായി അവര്‍ എവിടെപ്പോകും? മനുഷ്യാവകാശ പ്രവര്‍ത്തകരോ മാധ്യമപ്രവര്‍ത്തകരോ സത്യം പുറത്തുകൊണ്ടുവന്നാല്‍ അവരെ ജയിലിലടയ്ക്കുകയാണ് പതിവ്. ആരെയും പീഡിപ്പിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നില്ല. കര്‍ഷകരും സൈനികരും സഹോദരങ്ങളാണ്, അവര്‍ പരസ്പരം കൊല്ലരുത്” വര്‍ഷ പറയുന്നു.

എന്നാല്‍ ആദിവാസി പെണ്‍കുട്ടികളോടുള്ള ക്രൂരതയും മറ്റും വിവരിച്ച ഈ പോസ്റ്റ് വിവാദമായതോടെ വര്‍ഷ അത് പിന്‍ വലിക്കുകയും ചെയ്തു. അതേസമയം വര്‍ഷയുടെ വെളിപ്പെടുത്തലിനെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ജയില്‍ അധികൃതര്‍ ഉത്തരവിട്ടു.