60 പേരൊപ്പമുണ്ട്, 15 പേര്‍ ദല്‍ഹിയിലെത്തി; പഞ്ചാബിന് പിന്നാലെ ഛത്തീസ്ഗഢില്‍ കലാപക്കൊടിയുമായി ഭാഗല്‍ പക്ഷം
National Politics
60 പേരൊപ്പമുണ്ട്, 15 പേര്‍ ദല്‍ഹിയിലെത്തി; പഞ്ചാബിന് പിന്നാലെ ഛത്തീസ്ഗഢില്‍ കലാപക്കൊടിയുമായി ഭാഗല്‍ പക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th September 2021, 9:15 am

ന്യൂദല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിന് പിന്നാലെ ഛത്തീസ്ഗഢ് കോണ്‍ഗ്രസിലും പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിനെതിരെ വിമത നീക്കം നടക്കുന്നതയാണ് സൂചന.

തര്‍ക്കങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെ പിന്തുണയ്ക്കുന്ന 15 എം.എല്‍.എ.മാര്‍ ബുധനാഴ്ച ഹൈക്കമാന്‍ഡ് നേതാക്കളെ കാണാന്‍ ദല്‍ഹിയിലെത്തി.

ഭാഗലിന്റെ അടുത്ത അനുയായിയായ ബൃഹസ്പത് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുല്‍ ഗാന്ധിയെ കാണാനായി ഛത്തീസ്ഗഢ് ഭവനില്‍ എത്തിയിട്ടുള്ളത്.

എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പ്രതിസന്ധിയുണ്ടെന്ന് സിംഗ് തുറന്നുസമ്മതിച്ചിട്ടില്ല. ആരോഗ്യമന്ത്രി സിംഗ് ദേവും ഭാഗലും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ബൃഹസ്പത് സിംഗ് പറയുന്നത്.

കോണ്‍ഗ്രസിന് 70 എം.എല്‍.എമാരുണ്ടെന്നും അതില്‍ 60 പേര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടെന്നുമാണ് സിംഗ് നല്‍കുന്ന സൂചന. പഞ്ചാബിലെ പോലെയല്ല ഛത്തീസ്ഗഢ് എന്നും അദ്ദേഹം പറഞ്ഞു.

ഒരു നേതാവിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം സംസ്ഥാനത്ത് ഉണ്ടാവില്ലെന്നും സിംഗ് പറഞ്ഞു.

2018 ഡിസംബറിലാണ് ഛത്തീസ്ഗഢില്‍ ഭാഗല്‍ അധികാരമേറ്റത്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ തനിക്ക് അവസരം നല്‍കുമെന്ന് രാഹുല്‍ഗാന്ധി ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് ടി.എസ്. സിങ്‌ദേവ് പറയുന്നത്. നേതൃത്വമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞമാസം സിങ്‌ദേവ് എം.എല്‍.എ.മാരുമായി രാഹുലിനെ കണ്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Chhattisgarh next after Punjab? Over dozen Congress MLAs reach Delhi, visit sparks leadership change speculation