| Saturday, 21st October 2023, 7:29 pm

'ഛത്തീസ്‌ഗഢിൽ മുസ്‌ലിം സ്ഥാനാർത്ഥികളെ അവഗണിക്കുന്നു'; കോൺഗ്രസ്‌ പ്രഖ്യാപിച്ചത് ഒരു സ്ഥാനാർത്ഥിയെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യം കുറഞ്ഞുവരുന്നതിൽ ആശങ്കയുമായി ഛത്തീസ്‌ഗഢിലെ മുസ്‌ലിങ്ങൾ. നവംബറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും മുസ്‌ലിം സ്ഥാനാർത്ഥികൾക്ക് പ്രാധാന്യം നൽകിയിട്ടില്ല.

കോൺഗ്രസിൽ നിന്ന് മുഹമ്മദ്‌ അക്ബർ മാത്രമാണ് മുസ്‌ലിം സമുദായത്തിൽ നിന്ന് മത്സരിക്കുന്നത്. അതേസമയം 2003ന് ശേഷം ബി.ജെ.പി മുസ്‌ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിട്ടില്ല.

‘2011 സെൻസസ് പ്രകാരം, മൊത്തം ജനസംഖ്യയുടെ 2.2 ശതമാനമാണ് മുസ്‌ലിങ്ങൾ. എന്നാൽ ഇപ്പോൾ ഞങ്ങൾ 3.5 ശതമാനം വരും. 2003 മുതൽ രണ്ട് മുസ്‌ലിം സ്ഥാനാർത്ഥികളെ കോൺഗ്രസ്‌ മത്സരിപ്പിച്ചുവന്നിരുന്നു. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ മുഹമ്മദ്‌ അക്ബറിന് മാത്രമാണ് കോൺഗ്രസ്‌ അവസരം നൽകിയത്.

ഈ തീരുമാനത്തിൽ നമ്മുടെ സമുദായത്തിലുള്ളവർ സന്തുഷ്ടരല്ല, പക്ഷേ ഞങ്ങൾക്ക് വേറെ വഴിയില്ല. കാരണം ആദ്യത്തെ തെരഞ്ഞെടുപ്പ് മുതൽ ബി.ജെ.പി ഇതുവരെ മുസ്‌ലിങ്ങൾക്ക് അവസരം നൽകിയിട്ടില്ല,’ ഛത്തീസ്‌ഗഢിലെ മുസ്‌ലിം കോൺഗ്രസ്‌ നേതാവ് പറഞ്ഞു.

2018ൽ കവർധ മണ്ഡലത്തിൽ നിന്ന് മുഹമ്മദ്‌ അക്ബറിനെയും വൈശാലി നഗർ മണ്ഡലത്തിൽ നിന്ന് ബദറുദ്ദീൻ ഖുറേഷിയേയും കോൺഗ്രസ്‌ മത്സരിപ്പിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അക്ബർ വിജയിച്ചപ്പോൾ ഖുറേഷി ബി.ജെ.പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.

ഛത്തീസ്‌ഗഢിൽ കഴിവുള്ള മുസ്‌ലിം നേതാക്കൾ ഉണ്ടായിട്ടും കോൺഗ്രസ്‌ അവരെ അവഗണിച്ചുവെന്ന് ആരോപണമുണ്ട്.

‘നവാസ് ഖാൻ, സാഫി അഹ്മദ്, ഇജാസ് ദെഹ്ബാർ, ബദറുദ്ദീൻ ഖുറേഷി എന്നിവർ സീറ്റ് പ്രതീക്ഷിച്ചിരുന്നു. അവർക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള പ്രാപ്തിയുമുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ്‌ അവർക്ക് സീറ്റ് നിഷേധിച്ചു. ചിലപ്പോൾ ബി.ജെ.പിയെ തോല്പിക്കാൻ തന്ത്രപരമായി നീങ്ങുന്നതുകൊണ്ടാകാം ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടത്,’ മുസ്‌ലിം നേതാവിനെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

കോൺഗ്രസ്‌ ഇനിയും ഏഴ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ടെന്നും അടുത്ത പട്ടികയിൽ ഒരു മുസ്‌ലിം സ്ഥാനാർത്ഥി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോൺഗ്രസ്‌ ന്യൂനപക്ഷ സെൽ അധ്യക്ഷൻ അമീൻ മേനം പറഞ്ഞു.

അതേസമയം, ബി.ജെ.പിക്ക് മുസ്‌ലിം സ്ഥാനാർത്ഥികൾ ഇല്ലാത്തിടത്തോളം കോൺഗ്രസിന് മുസ്‌ലിം വോട്ടുകൾ നഷ്ടപ്പെടില്ലെന്ന് ഛത്തീസ്‌ഗഢിലെ രാഷ്ട്രീയ നിരീക്ഷകൻ ഹർഷ് ദുബെ പറഞ്ഞു.

‘കോൺഗ്രസ്‌ സാധാരണ രണ്ട് സീറ്റുകൾ മുസ്‌ലിങ്ങൾക്ക് കൊടുക്കാറുണ്ട്. എന്നാൽ ഈ പ്രാവശ്യം ഒരു സീറ്റ് മാത്രമേ നൽകിയുള്ളൂ. പക്ഷേ ഇത് മുസ്‌ലിം വോട്ടർമാരിൽ എന്തെങ്കിലും മാറ്റം സൃഷ്ടിക്കുകയില്ല. സംസ്ഥാനത്ത് ബി.ജെ.പിക്ക് മുസ്‌ലിം മുഖങ്ങളില്ല.

എന്നാൽ പരിചിതമായ മുഖങ്ങൾ കാണുകയോ വ്യക്തിപരമായ അടുപ്പം ഉണ്ടാകുകയോ ചെയ്താൽ ബി.ജെ.പിക്കും വോട്ട് ചെയ്യാൻ മുസ്‌ലിങ്ങൾ മടിക്കില്ല. വ്യക്തി ബന്ധങ്ങൾ നോക്കിയുള്ള അവരുടെ വോട്ടിങ് രീതിയാണ് ഇതുവരെ കോൺഗ്രസിന് അനുകൂലമായിട്ടുള്ളത്,’ ദുബെ പറഞ്ഞു.

റായ്പൂരിൽ നിന്നുള്ള മുഹമ്മദ്‌ അക്ബർ കവർധ മണ്ഡലത്തിലെ എം.എൽ.എ ആണ്. 60,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അക്ബർ മണ്ഡലത്തിൽ വിജയിച്ചത്.

മൂന്ന് തവണ ബി.ജെ.പി മുഖ്യമന്ത്രിയായിരുന്ന രമൺ സിങ്ങിന്റെ നാട്ടിൽ നിന്നാണ് ഒരു മുസ്‌ലിം പ്രതിനിധിയെ ജനങ്ങൾ തെരഞ്ഞെടുത്തത്.

കഴിഞ്ഞ ദിവസം കവർധയിലെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പ്രചരണത്തിനെത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അക്ബറിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു.

Content Highlight: Chhattisgarh Muslims stare at diminishing representation in assembly election

We use cookies to give you the best possible experience. Learn more