വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചു; ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കെതിരെ പൊലീസില്‍ പരാതി നല്‍കി ഛത്തീസ്ഗഢ് മന്ത്രി
ന്യൂദല്‍ഹി: നേപ്പാളില്‍ സുഹൃത്തിന്റെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ തെറ്റായ വാര്‍ത്തകള്‍ക്കൊപ്പം പ്രചരിപ്പിച്ചതിന് ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കെതിരെ പൊലീസില്‍ പരാതി നല്‍കി ഛത്തീസ്ഗഢിന്റെ ആരോഗ്യവകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എസ്. സിങ്‌ദോ. വ്യാഴാഴ്ചയായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്.
കപില്‍ മിശ്രക്കൊപ്പം ബി.ജെ.പിയുടെ ദല്‍ഹി വിഭാഗം വക്താക്കളായ ഹരിഷ് ഖുരാന, സുരേന്ദ്ര പൂനിയ എന്നിവരെയും ചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ വീഡിയോക്കൊപ്പം പ്രചരിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
ഛത്തീസ്ഗഢിലെ ജഗ്ദല്‍പൂര്‍ സിറ്റിയിലെ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് ടി.എസ്. സിങ്‌ദോ പറഞ്ഞു.
കപില്‍ മിശ്രക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ വിവരം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സിങ്‌ദോ പുറത്തുവിടുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായക്ക് കോട്ടമനുണ്ടാക്കാന്‍ വേണ്ടി മനപൂര്‍വം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതില്‍ കപില്‍ മിശ്ര, ഹരിഷ് ഖുരാന, സുരേന്ദ്ര പൂനിയ എന്നിവര്‍ക്കെതിരെ പരാതി നല്‍കി എന്നാണ് ട്വീറ്റില്‍ പറഞ്ഞത്.
സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ നിശാക്ലബ്ബിലെ പാര്‍ട്ടിയിലേതാണെന്ന പേരിലായിരുന്നു ബി.ജെ.പി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നത്.
ദല്‍ഹിയിലില്‍ ഇല്ലാത്ത രാഹുല്‍ മറുനാടന്‍ നിശാപാര്‍ട്ടികളില്‍ മതിമറന്ന് ആഘോഷിക്കുകയാണെന്നാരോപിച്ചാണ് അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ ആടിപ്പാടുകയാണെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയും ട്വീറ്റ് ചെയ്തിരുന്നു.