| Thursday, 1st September 2022, 7:16 pm

'മദ്യം കഴിക്കുമ്പോള്‍ നേര്‍പ്പിക്കണം'; ഡീ-അഡിക്ഷന്‍ ഡ്രൈവില്‍ മദ്യത്തിന്റെ ഗുണത്തെക്കുറിച്ച് ഛത്തീസ്ഗഢ് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡീ-അഡിക്ഷന്‍ ഡ്രൈവില്‍ മദ്യത്തിന്റെ ഗുണങ്ങളെ പറ്റി പ്രസംഗിച്ച് ഛത്തീസ്ഗഢ് മന്ത്രി പ്രേം സായി സിങ് തെകാം. മന്ത്രിയുടെ വിവാദ പ്രസ്താവനയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

‘ആളുകള്‍ മദ്യത്തെ കുറിച്ച് പറയുമ്പോള്‍ അതിന്റെ ദോഷവശങ്ങളെ കുറിച്ചാണ് പറയാറ്. അതിന്റെ നിരവധിയായ ഗുണഫലങ്ങളെ കുറിച്ച് ആരും ഒന്നും പറയുന്നില്ല. മദ്യത്തെ കുറിച്ച് പറയുമ്പോള്‍ അത് കുടിക്കേണ്ട ശരിയായ രീതിയെ കുറിച്ചും ഓര്‍ക്കണം, നന്നായി നേര്‍പ്പിക്കണം. മദ്യം വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കാന്‍ കൃത്യമായൊരു അനുപാതമുണ്ട്’ -മന്ത്രിയുടെ പ്രസംഗത്തില്‍ പറയുന്നു.

താന്‍ ഒരിക്കല്‍ പങ്കെടുത്ത പരിപാടിയില്‍ മദ്യത്തിന്റെ ഗുണഫലങ്ങളെ കുറിച്ചും ദോഷഫലങ്ങളെ കുറിച്ചുമാണ് അവര്‍ ചര്‍ച്ച ചെയ്തിരുന്നതെന്നും, മദ്യം നന്നായി നേര്‍പ്പിക്കണമെന്ന് മാത്രമല്ല കുടിക്കുന്നതിന് കൃത്യമായ ഇടവേളയും ആവശ്യമാണെന്നും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

പ്രശസ്ത ഹിന്ദി കവി ഹരിവംശ റായ് ബച്ചന്റെ ‘മധുശാല’ എന്ന കവിതയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം. മദ്യപാനത്തെ ന്യായീകരിച്ച മന്ത്രി ആളുകള്‍ക്ക് നല്ല ആത്മനിയന്ത്രണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. ചത്തീസ്ഗഢിലെ സഹകരണ-വിദ്യാഭ്യാസ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് പ്രേം സായി സിങ് തെകാം.

ഇതേ പരിപാടിയില്‍ തന്നെ മന്ത്രി റോഡപകടങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളും വിവാദമായി. റോഡുകളുടെ അവസ്ഥ നല്ലതാകുമ്പോഴാണ് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ പറഞ്ഞത്.

‘റോഡുകള്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി ഫോണ്‍കോളുകള്‍ ലഭിക്കുന്നുണ്ട്. പക്ഷേ, മോശം റോഡുകളില്‍ വളരെ കുറച്ച് അപകടങ്ങള്‍ മാത്രമേ സംഭവിക്കുന്നുള്ളൂ. എവിടെയൊക്കെ നല്ല റോഡുകളുണ്ടോ, അവിടെയൊക്കെ ദിവസവും അപകടങ്ങള്‍ സംഭവിക്കുകയാണ്. നല്ല റോഡുകളില്‍ വാഹനങ്ങള്‍ അതിവേഗം പോയിട്ടാണ് അപകടങ്ങളുണ്ടാകുന്നത്,’ പ്രേം സായി സിങ് പറഞ്ഞു.

വാഹനങ്ങളുടെ വേഗതയോ, മൊബൈല്‍ ഉപയോഗമോ, ലഹരിയോ, സിഗരറ്റ് വലിയോ എന്തുതന്നെയായാലും ആളുകള്‍ക്ക് ആത്മനിയന്ത്രണം വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: Chhattisgarh Minister talks about the benefits of alcohol in de-addiction drive

We use cookies to give you the best possible experience. Learn more