ഛത്തീസ്‌ഗഢ്; അദാനിയുടെ കൽക്കരി ഖനിക്കായി മരം മുറിച്ചു; പൊലീസിനെതിരെ തിരിഞ്ഞ് നാട്ടുകാർ
national news
ഛത്തീസ്‌ഗഢ്; അദാനിയുടെ കൽക്കരി ഖനിക്കായി മരം മുറിച്ചു; പൊലീസിനെതിരെ തിരിഞ്ഞ് നാട്ടുകാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th October 2024, 8:53 am

റായ്‌പൂർ: ഛത്തീസ്‌ഗഢിലെ സൂരജ്പൂർ ജില്ലയിലെ പർസ കൽക്കരി ഖനിക്കുവേണ്ടി വനനശീകരണം ആരംഭിച്ചതോടെ ഗ്രാമവാസികളും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷമുണ്ടായതായി റിപ്പോർട്ട്. സംഘർഷത്തിൽ എട്ട് പൊലീസുകാർക്കും നാല് പ്രദേശവാസികൾക്കും പരിക്കേറ്റതായി അധികൃതർ പറഞ്ഞു.

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ബാറ്റൺ പ്രയോഗിക്കുകയും കുറഞ്ഞത് 10 ഗ്രാമീണർക്ക് പരിക്കേറ്റതായും സൂരജ്പൂരിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു. എന്നാൽ സർഗുജ പൊലീസ് സൂപ്രണ്ട് യോഗേഷ് പട്ടേൽ ലാത്തിചാർജ് നടന്നു എന്ന അവകാശവാദം നിഷേധിച്ചു. ഗ്രാമീണർ പൊലീസിനെ ആക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘വടികൾ, മഴു, കവണകൾ തുടങ്ങിയ അപകടകരമായ ആയുധങ്ങളുമായി ചില ഗ്രാമീണർ പൊലീസിനെ ആക്രമിക്കുകയും എട്ട് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു,” പട്ടേൽ പറഞ്ഞു. മരം മുറിക്കുന്ന പ്രവർത്തനങ്ങളിൽ ഗ്രാമീണർ ഇടപെടുന്നത് തടയാൻ 350 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിൻ്റെ കൽക്കരി ഖനി ഡെവലപ്പർ കം-ഓപ്പറേറ്റർ സ്കീമിന് കീഴിൽ രാജസ്ഥാൻ രാജ്യ വിദ്യുത് ഉത്പാദൻ നിഗം ​​ലിമിറ്റഡിനാണ് പാർസ കൽക്കരി ബ്ലോക്ക് അനുവദിച്ചിരിക്കുന്നത്. അദാനി എൻ്റർപ്രൈസസ് ലേലത്തിലൂടെ ഖനി പ്രവർത്തിപ്പിക്കാനുള്ള കരാർ നേടുകയും ചെയ്തു.

പാർസ ഖനന പദ്ധതി വരുന്നതോട് കൂടി 700 ഓളം ആളുകളെ മാറ്റിപ്പാർപ്പിക്കുമെന്നും ഏകദേശം 840 ഹെക്ടർ വനപ്രദേശം നശിപ്പിക്കപ്പെടുമെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു. 2009ലെ വനംവകുപ്പ് സെൻസസ് പ്രകാരം ഖനിക്ക് വേണ്ടി 95,000 മരങ്ങൾ മുറിക്കപ്പെടുമെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ അദാനി ഗ്രൂപ്പ് വിസമ്മതിച്ചു.

ഹസ്‌ഡിയോ വനത്തിൽ ഖനി നിർബന്ധിതമായി ആരംഭിച്ചതിൽ പ്രതിഷേധിച്ച നിരായുധരായ ഗ്രാമീണർക്കെതിരെ പൊലീസ് അക്രമം അഴിച്ച് വിട്ടെന്ന് ആദിവാസി അവകാശങ്ങൾക്കായി വാദിക്കുന്ന സംഘടനയായ ഛത്തീസ്ഗഡ് ബച്ചാവോ ആന്ദോളൻ പറഞ്ഞു. ‘നിരായുധരായ ഗ്രാമീണർക്കെതിരെ ഭരണകൂടം അടിച്ചമർത്തൽ നടപടികൾ സ്വീകരിച്ചു,’ ഛത്തീസ്ഗഡ് ബച്ചാവോ ആന്ദോളൻ പറഞ്ഞു.

ഖനി നടത്തിപ്പിനുള്ള വനം, പാരിസ്ഥിതിക അനുമതി വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണെന്നും ഇത് ഉടൻ റദ്ദാക്കണമെന്നും ജനക്കൂട്ടം ആവശ്യപ്പെട്ടു. ഹരിഹർപൂർ, സാൽഹി, ഫത്തേപൂർ എന്നിവിടങ്ങളിലെ ഗ്രാമസഭകൾ വനം നിർമാർജനത്തിന് ഒരിക്കലും സമ്മതം നൽകിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

 

Content Highlight: Chhattisgarh: Locals, police clash as tree-felling begins for coal mine