റായ്പൂര്‍: തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായി ആദിവാസികളില്‍ നിന്നും ഏറ്റെടുത്ത കൃഷി ഭൂമി തിരിച്ചുകൊടുക്കാനുള്ള തീരുമാനവുമായി പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍. ബസ്തറിലെ ലോഹന്ദിഗുദയില്‍ 2005ല്‍ ഏറ്റെടുത്ത ഭൂമിയാണ് തിരിച്ചുകൊടുക്കുന്നത്.
നവംബര്‍ 10ന് ജഗ്ദാല്‍പൂരില്‍ നടന്ന പ്രചരണ പരിപാടിയില്‍ ഭൂമി തിരിച്ചുകൊടുക്കുമെന്ന് രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത കൃഷിഭൂമിയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പണി തുടങ്ങിയില്ലെങ്കില്‍ കര്‍ഷകര്‍ക്ക് തിരിച്ചുകൊടുക്കുമെന്നത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
ക്യാബിനറ്റ് തീരുമാനം വരുന്ന മുറയ്ക്ക് ഭൂമി തിരികെ കൊടുക്കുന്ന നടപടിക്രമങ്ങള്‍ തുടങ്ങാന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബസ്തറിലെ പത്തോളം ഗ്രാമങ്ങളിലുള്ള 1707 കര്‍ഷകര്‍ക്കാണ് ഭൂമി തിരിച്ചുകിട്ടുക. 1764 ഹെക്ടര്‍ ഭൂമിയാണ് തിരിച്ചു നല്‍കപ്പെടുക. ഛത്തീസ്ഗഢില്‍ അധികാരമേറ്റയുടന്‍ കര്‍ഷകരുടെ ലോണുകള്‍ തള്ളിക്കളഞ്ഞ ഭൂപേഷ് ബാഗേല്‍ സര്‍ക്കാരിന്റെ രണ്ടാമത്തെ ജനകീയ ഉത്തരവാണിത്.
അടുത്ത ദിവസം തന്നെ സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗം ചേരും അന്ന് തന്നെ തീരുമാനത്തില്‍ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥരിലൊരാള്‍ സ്‌ക്രോളിനോട് പറഞ്ഞു.
രാജ്യത്തെവിടെയും കൈക്കൊണ്ടിട്ടില്ലാത്ത ചരിത്രപരമായ നടപടിയാകും ഇതെന്നും നന്ദീഗ്രാമിലോ സിംഗൂരിലോ ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബസ്തറില്‍ 19,500 കോടിരൂപയുടെ സ്റ്റീല്‍പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി 2005ല്‍ ബി.ജെ.പി സര്‍ക്കാരാണ് ടാറ്റയുമായി കരാറൊപ്പിട്ടത്. ഇതിനായി 2044 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 2016ല്‍ പദ്ധതിയില്‍ നിന്നും ടാറ്റ പിന്‍വാങ്ങിയെങ്കിലും ഇതിന് ശേഷം ഛത്തീസ്ഗഢ് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഭൂമി ഏറ്റെടുത്തെന്നും തിരിച്ചു നല്‍കാനാവില്ലെന്നുമായിരുന്നു ബി.ജെ.പി സര്‍ക്കാരിന്റെ നിലപാട്.