ന്യൂദല്‍ഹി: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ്ബന്ധം ആരോപിക്കപ്പെട്ട് 17 മാസത്തോളം ജയിലിലായിരുന്ന മാധ്യമപ്രവര്‍ത്തകന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കമ്മിറ്റി ഫോര്‍ പ്രൊട്ടക്ടിങ് ജേര്‍ണലിസ്റ്റ്‌സ് (സി.പി.ജെ)യാണ് ജാമ്യവിവരം പുറത്തു വിട്ടത്.
ഛത്തീസ്ഗഢ് പബ്ലിക് സേഫ്റ്റി ആക്ട്, ആംസ് ആക്ട് എന്നിവ ചുമത്തി 2015 സെപ്റ്റംബറിലാണ് സന്തോഷ് യാദവ് അറസ്റ്റ് ചെയ്യപ്പെട്ടത്. സന്തോഷ് നക്‌സലുകള്‍ക്ക് സഹായമെത്തിച്ച് നല്‍കിയെന്ന് പൊലീസ് ആരോപിച്ചിരുന്നു.
ബസ്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വതന്ത്രമാധ്യമ പ്രവര്‍ത്തകനാണ് സന്തോഷ്. ദൈനിക് നവഭാരത്, പത്രിക, ദൈനിക് ഛത്തീസ്ഗഢ് എന്നീ ഹിന്ദി പത്രങ്ങളില്‍ ഛത്തീസ്ഗഢിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് സന്തോഷ് ലേഖനങ്ങളെഴുതിയിരുന്നു.
മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഏക മാധ്യമപ്രവര്‍ത്തകനാണ് സന്തോഷ് യാദവെന്ന് 2016 ഡിസംബറില്‍ സി.പി.ജെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.