ഛത്തീസ്ഗഢ്: വിസ്മയമായി ഛത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവില്‍ മൂന്ന് കണ്ണും നാല് നാസദ്വാരവുമായി (Nostril) ജനിച്ച പശുക്കിടാവ്. ഹേമന്ത് ചന്ദേല്‍ എന്ന കര്‍ഷകന്റെ വീട്ടിലാണ് പശു ജനിച്ചത്.
വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൂന്ന് കണ്ണുമായി പശുക്കിടാവ് ജനിച്ചു എന്ന വാര്‍ത്ത പരന്നതോടെ ആളുകള്‍ ഹേമന്തിന്റെ വീട്ടിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ജനിച്ചിരിക്കുന്ന സാധാരണ പശുക്കിടാവല്ലെന്നും ദൈവത്തിന്റെ അവതാരമാണെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്. ഭഗവാന്‍ ശിവന്‍ അവതരിച്ചതാണെന്ന് പറയുന്നവരും കുറവല്ല.
ശിവനെ പോലെ നെറ്റിയിലാണ് കിടാവിന്റെ മൂന്നാമത്തെ കണ്ണ്. ഇതിന് പുറമെ നാല് നാസദ്വാരങ്ങളും സാധാരണ പശുക്കളേക്കാള്‍ നീളമുള്ള നാവും പശുവിനുണ്ടെന്ന് ഗ്രാമവാസികള്‍ പി.ടി.ഐയോട് പറഞ്ഞു.
അപൂര്‍വതകളോടെയാണ് ജനിച്ചതെങ്കിലും കിടാവിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നും തന്നെയില്ല എന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. നാവിന്റെ നീളക്കൂടുതല്‍ കാരണം അകിട്ടില്‍ നിന്നും പാല്‍ കുടിക്കാന്‍ ബുദ്ധിമുണ്ടെന്നും എന്നാല്‍ ഫീഡിംഗ് ബോട്ടില്‍ ഉപയോഗിച്ച് പാല്‍ നല്‍കി വരുന്നുണ്ടെന്നും ഡോക്ടര്‍ പറയുന്നു.
ഇതിന് മുന്‍പേ പശു പ്രസവിച്ചതെല്ലാം സാധാരണഗതിയിലുള്ള കിടാവിനെയായിരുന്നെന്നും ഇപ്പൗോള്‍ ജനിച്ചിരിക്കുന്നത് സാധാരണ പശുവല്ലെന്നും ദൈവം അവതരിച്ചതാണെന്നും പശുക്കിടാവിന്റെ ഉടമയായ കര്‍ഷകന്‍ പറയുന്നു.
തൊട്ടടുത്ത ഗ്രാമങ്ങളില്‍ നിന്നുപോലും കിടാവിനെ കാണാനും പൂജിക്കാനും ഭക്തര്‍ എത്തുന്നുണ്ട്. ശിവന്റെ അവതാരമാണ് ഇപ്പോള്‍ ജനിച്ചിരിക്കുന്നതെന്നും ഭാഗ്യം വന്നിരിക്കുന്നുവെന്നുമാണ് അവര്‍ പറയുന്നത്.
എന്നാല്‍, ഇതിനെ ഒരു അത്ഭുതമായി കണക്കാക്കേണ്ട ആവശ്യമില്ലെന്നും ഇത്തരം സംഭവങ്ങള്‍ സാധാരണയായി നടക്കാറുണ്ടെന്നുമാണ് വെറ്റിനറി ഡോക്ടറായ കമലേഷ് ചൗധരി പറയുന്നത്.
‘ആളുകള്‍ ഇത്തരം സംഭലങ്ങളെ ദൈവമായോ അന്ധവിശ്വാസമയോ കൂട്ടിയിണക്കാനാണ് ശ്രമിക്കുന്നത്. പ്രധാനമായും ഗ്രമാപ്രദേശത്തിലുള്ളവര്‍ അജ്ഞത മൂലമാണ് ഇതിനെ ദൈവമായും മറ്റും കണക്കാക്കുന്നത്,’ അദ്ദേഹം പറയുന്നു.
വളര്‍ത്തു മൃഗങ്ങളുടെ ഇത്തരത്തിലുള്ള വൈകല്യങ്ങളെ കുറിച്ച് അവരോട് ശാസ്ത്രീയമായി വിശദീകരിക്കേണ്ടതുണ്ടെന്നും അന്ധവിശ്വാസങ്ങള്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.