റായ്പൂര്‍: ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ നടുറോഡില്‍ മര്‍ദ്ദിച്ച ജില്ലാ കളക്ടറെ സ്ഥാനത്ത് നിന്ന് നീക്കി ഛത്തീസ്ഗഡ് സര്‍ക്കാര്‍. ജില്ലാ കളക്ടറെ സ്ഥലം മാറ്റുന്നതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍ ആണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ലോക്ക്ഡൗണില്‍ പുറത്തിറങ്ങിയ യുവാവിന്റെ മുഖത്ത് കളക്ടര്‍ അടിക്കുകയും പൊലീസുകാരോട് അടിക്കാന്‍ ഉത്തരവിടുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
‘സൂരജ് പൂര്‍ കളക്ടര്‍ റണ്‍ബീര്‍ ശര്‍മ ഒരു യുവാവിനോട് മോശമായി പെരുമാറിയതായി സോഷ്യല്‍ മീഡിയ വഴി അറിയാനിടയായി. അത്യധികം ദുഃഖകരവും അപലപനീയവുമാണ് അദ്ദേഹത്തിന്റെ നടപടി, ഛത്തീസ്ഗഡില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ അനുവദിക്കുന്നതല്ല. ഉടന്‍ തന്നെ ജില്ലാ കളക്ടറെ സ്ഥാനത്ത് നിന്നും നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചു,’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
ഉടന്‍ തന്നെ റണ്‍ബീര്‍ ശര്‍മയെ നവ റായ്പൂരിലെ സെക്രട്ടറിയേറ്റിലേക്ക് സ്ഥലം മാറ്റി.
സംഭവത്തില്‍ യുവാവിനോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
ലോക്ക്ഡൗണില്‍ പുറത്തിറങ്ങിയ യുവാവ് താന്‍ പുറത്തിറങ്ങിയതെന്തിനാണെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ യുവാവിന്റെ ഫോണ്‍ വാങ്ങി നിലത്തേക്കെറിയുകയായിരുന്നു. തുടര്‍ന്ന് വിശദീകരണമടങ്ങിയ പേപ്പര്‍ കളക്ടര്‍ക്കെതിരെ നീട്ടുമ്പോള്‍ അദ്ദേഹം നോക്കാതെ യുവാവിന്റെ മുഖത്തടിക്കുകയും മറ്റു പൊലീസ് ഉദ്യോഗസ്ഥരോട് യുവാവിനെ തല്ലാന്‍ പറയുകയുമായിരുന്നു. പിന്നാലെ ലാത്തി ഉപയോഗിച്ച് പൊലീസുദ്യോഗസ്ഥര്‍ യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.